കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ചേറ്റുവ പുറംകടലില്‍വച്ചാണ് സംഭവം.

കുളച്ചല്‍ സ്വദേശികളായ യുഗനാഥന്‍, യാക്കൂബ്, മനിക്കൊടി എന്നിവരാണ് മരിച്ചത്. 14 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികളില്‍ പറവൂര്‍ സ്വദേശി ഷൈജു ഒഴികെ മറ്റുള്ളവരെല്ലാം ബംഗാള്‍, തമിഴ്‌നാട് സ്വദേശികളാണ്. ബംഗാള്‍ സ്വദേശി നരന്‍ സര്‍ക്കാര്‍, തമിഴ്‌നാട് രാമന്‍തുറെ സ്വദേശി എഡ്‌വിന്‍ എന്നിവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ഇവരെ പറവുര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിച്ച കപ്പല്‍ ഒന്നു നിറുത്തിയ ശേഷം ഓടിച്ച് പോയെന്ന് ബോട്ട് ഓടിച്ചിരുന്ന എഡ്വിന്‍ മൊഴി നല്‍കി. അപകടത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു എന്നും താന്‍ ഒഴികെ മറ്റെല്ലാവരും അപകടസമയത്ത് ഉറക്കത്തിലായിരുന്നെന്നും എഡ്വിന്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നേവിയും കോസ്റ്റുഗാര്‍ഡും തെരച്ചലിനുണ്ട്. രണ്ട് ഹെലികോപ്റ്റും ഒരു കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

അതേസമയം, കപ്പല്‍ ഏതാണെന്ന് ഇത് വരെ കണ്ടത്താനായിട്ടില്ല. ഇന്ത്യന്‍ കപ്പല്‍ തന്നെയാണ് അപകടം വരുത്തിയതെന്നാണ് വിവരങ്ങള്‍.

കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.