സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, കെ എം ജോസഫ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജുമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.

15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിനായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതി സാക്ഷിയായത്. മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്.

മുന്‍ നിശ്ചയിച്ച സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്ന ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മൂവര്‍ക്കും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. 7 മാസത്തെ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതി ജഡ്ജിയായുള്ള കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ.

ദൈവനാമത്തിലായിരുന്നു കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. 4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.

ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഏറെ ചര്‍ച്ചയായ സീനിയോറിറ്റി പ്രശ്‌നം സത്യപ്രതിജ്ഞയ്ക്ക് ശേഷവും സുപ്രീംകോടതിയില്‍ അവസാനിക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News