ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് തുടരുന്നു; കുമ്പസാര പീഡനക്കേസ് പ്രധാന ചര്‍ച്ച; പ്രതികളായ വൈദികര്‍ക്കെതിരെ നടപടിക്കും സാധ്യത

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് യോഗം കോട്ടയത്ത് തുടങ്ങി.

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും 26 മെത്രാപ്പൊലീത്തമാരും ആണ് കോട്ടയത്ത് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സുന്നഹദോസില്‍ പങ്കെടുക്കുന്നത്.

പൊതു സമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും സഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ കുമ്പസാര ലൈംഗിക പീഡനക്കേസ് അടക്കം സുന്നഹദോസില്‍ പ്രധാന ചര്‍ച്ചയാകും. മൂന്ന് ഭദ്രാസനങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സുന്നഹദോസ് ചര്‍ച്ച ചെയ്യും.

വൈദികര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും വൈദികര്‍ സഭയില്‍ തുടര്‍ന്നാല്‍ വിശ്വാസം അടക്കമുള്ള കാര്യങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായമാണ് സഭയിലുള്ളത്.

അങ്ങനെയെങ്കില്‍ പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് വി മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കെതിരായ നടപടിയാകും സുന്നഹദോസിന്റെ മുഖ്യസവിശേഷത.

വൈദികരും അല്‍മായരും ഉള്‍പ്പെടുന്ന സഭാ മാനേജിങ് കമ്മിറ്റി ബുധനാഴ്ച ചേരും. കുറ്റക്കാരായ വൈദികര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശുപാര്‍ശയും മാനേജിങ് കമ്മിറ്റി സുന്നഹദോസിന് നല്‍കിയേക്കും.

കുമ്പസാരം അടക്കമുള്ള വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ വിവാദ പരാമര്‍ശവും അഞ്ചുദിവസം തുടരുന്ന സുന്നഹദോസ് ചര്‍ച്ചചെയ്യും.

ഇക്കാര്യങ്ങളിലുള്ള സുന്നഹദോസ് തീരുമാനം വെള്ളിയാഴ്ചയോടെ ഉണ്ടായേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here