രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്; ഭരണപക്ഷത്ത് ഭിന്നത; പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയാവാന്‍ വന്ദനാ ചവാന്‍

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച നടക്കാനിരിക്കെ എന്‍സിപിയുടെ വന്ദനാ ചവാന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന.

വൈകുന്നേരം ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. അതിനിടെ ജെഡിയുവിന്റെ ഹരിവന്‍ശ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായാകുന്നതില്‍ എന്‍ഡിഎ ഘടകകക്ഷിയായാ ശിരോമണി അകാലിദള്‍ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ദവേരിയ, ബിഹാറിലെ മുസഫര്‍പൂര്‍ എന്നിവിടങ്ങളിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ പീഡന കേസുകളില്‍ പ്രതിഷേധിച്ച് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ജെഡിയുവിന്റെ ഹരിവന്‍ശ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായാകുന്നതില്‍ എന്‍ഡിഎ ഘടകകക്ഷിയായാ ശിരോമണി അകാലിദളിന് കടുത്ത അതൃപ്തിയുണ്ട്.

കാരണം ഇതു നേരത്തെ ശിരോമണി അകാലിദളിന് വാഗ്ദാനം ചെയ്ത സീറ്റായിരുന്നുവെന്നാണ് നേതാക്കളുടെ വാദം. അതിനിടെ യുപിയിലെ ദവേരിയ, ബിഹാറിലെ മുസഫര്‍പൂര്‍ പീഡനങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു.

രാജ്യസഭ പലപ്പോഴും പിരിയേണ്ട സാഹചര്യവുമുണ്ടായി.വിഷയം പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ സംഭവങ്ങളില്‍ കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി.അതേസമയം റാഫേല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കരാറിലെ രഹസ്യസ്വഭാവം മറയാക്കി വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ രാജ്യത്ത് ഘട്ടംഘട്ടമായി എല്ലായിടത്തും എയിംസ് സ്ഥാപിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി ജെപി നദ്ധ രാജ്യസഭയില്‍ പറഞ്ഞു.

കേരളത്തിന് എയിംസുണ്ടോയെന്ന കെ കെ രാഗേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യസഭയില്‍ അംഗങ്ങള്‍ വൈകിവരുന്നതില്‍ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു.

അംഗങ്ങള്‍ വൈകി വരുന്നത് സഭാ നടപടികള്‍ വൈകിക്കുന്നുവെന്നും വൈകി വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ അനാവശ്യമായി തടസ്സപ്പെടുത്താതിരിക്കാനും അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

പ്രധാനപ്പെട്ട ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയത്ത് മുഴുവന്‍ അംഗങ്ങളും സഭയില്‍ ഹാജരാകാന്‍ ശ്രമിക്കണമെന്നും വെങ്കയ്യാ നായിഡു രാജ്യസഭയില്‍ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here