കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമി‍ഴകത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

തമിഴരുടെ പ്രിയപ്പെട്ട കലൈഞ്ജര്‍ എം കരുണാനിധി വിടവാങ്ങി. 94 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം.

ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.10നാണ് അന്ത്യം സംഭവിച്ചത്.

1969 ജൂലൈ 27നാണ് കരുണാനിധി ഡിഎംകെ പ്രസിഡന്റായി നിയമിതനായത്.

ഡിഎംകെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരെയുടെ മരണത്തെ തുടര്‍ന്ന് 1969ല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാനിധി പിന്നീട് 71, 89, 96, 2006 വര്‍ഷങ്ങളിലും മുഖ്യമന്ത്രിയായി.

പ്രതിപക്ഷ ഉപനേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 1957ല്‍ കുളിത്തലൈ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജസ്റ്റിസ് പാര്‍ടി നേതാവായിരുന്ന അഴഗിരി സാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി 14ാം വയസിലാണ് കരുണാനിധി പൊതുപ്രവര്‍ത്തന രംഗത്തേക്ക് ചുവടെടുത്ത് വച്ചത്. ഗ്രാമീണ യുവാക്കളെ ചേര്‍ത്ത് സംഘടന രൂപീകരിച്ച് അതിന്റെ പ്രചരണാര്‍ഥം ‘മനവര്‍ നേശന്‍’ എന്ന കൈയെഴുത്ത് മാസിക ആരംഭിച്ചു. 18ാം വയസില്‍ ‘തമിഴ്‌നാട് തമിള്‍ മാനവര്‍ മന്‍ഡ്രം’ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചു.

ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരില്‍ ആദ്യമായി തുടങ്ങിയ വിദ്യാര്‍ഥി സംഘടനയായിരുന്നു അത്. 1942ല്‍ മുരശൊലി പത്രം തുടങ്ങി. ഡിഎംകെയുടെ മുഖപത്രമയി അത് വളര്‍ന്നു.

തമിഴ്‌നാട്ടിലാകെ അലയടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിനിരന്ന് പൊതുരംഗത്ത് കൂടുതല്‍ സജീവമായി. 1953ല്‍ കല്ലെക്കുടിയില്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. പ്രക്ഷോഭത്തില്‍ രണ്ട് പേര്‍ മരിക്കുകയും കരുണാനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാഷ്ട്രീയത്തിന് പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാനിധ്യമായിരുന്നു.

വിദ്യാര്‍ഥിയായിരിക്കെ നാടകരംഗത്ത് സജീവമായ അദ്ദേഹം ഇരുപത് വയസ് തികയും മുമ്പേ ആദ്യ സിനിമയ്ക്ക് തിരക്കഥയൊരുക്കി. 1947ല്‍ പുറത്തിറങ്ങിയ രാജകുമാരിയാണ് കരുണാനിധിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആദ്യ സിനിമ. എംജിആറായിരുന്നു നായകന്‍.

എംജിആര്‍ എന്ന നടന്റെ വളര്‍ച്ച തുടങ്ങിതും രാജകുമാരിയിലൂടെയായിരുന്നു. എംജിആറിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു.

ശിവാജി ഗണേശനെയും താരമാക്കി വളര്‍ത്തിയതില്‍ കരുണാനിധിയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനായി. തമിഴ്‌സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നല്‍കി. കവിത, പത്രപംക്തി, തിരക്കഥ, നോവല്‍, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പര്‍ശമേല്‍ക്കാത്ത സാഹിത്യ മേഖലയില്ല.

ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികള്‍ അദ്ദേഹം രചിച്ചു. നാകപട്ടണം ജില്ലയിലെ തിരുക്കുവലൈയില്‍ മുത്തുവേലന്റെയും തിരുമതി അഞ്ജുകം അമ്മിയാരുടെയും മകനായി 1924 ജൂണ്‍ മൂന്നിനാണ് കുരുണാനിധി ജനിച്ചത്.

മൂന്നു ഭാര്യമാരിലായി ആറ് മക്കളുണ്ട്. ഭാര്യമാര്‍: പത്മാവതി, ദയാലു അമ്മാള്‍, രാജാത്തി. മക്കള്‍: എം കെ മുത്തു, എം കെ അഴഗിരി, എം കെ സ്റ്റാലിന്‍, എം കെ തമിഴരശ്, എം കെ സെല്‍വി, എം കെ കനിമൊഴി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here