പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ആ ഇതിഹാസ ജീവിതത്തിന് മറീനാ ബീച്ചില്‍ അന്ത്യ വിശ്രമം

ഉയിരും ഉടലും തമി‍ഴ് മക്കള്‍ക്ക് സമര്‍പ്പിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിക്ക് യാത്രാമൊ‍ഴി.

മറീന ബീച്ചിൽ അണ്ണാ സമാധിക്കു സമീപം ആയിരങ്ങലെ സാക്ഷിയാക്കി സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

രാജാജി ഹാളിൽനിന്നും പതിനായിരങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്രയായി കരുണാനിധിയുടെ ഭൗതികദേഹം മറീനയിൽ എത്തിച്ചത്.

വികാരനിര്‍ഭരമായ യാത്രയയപ്പാണ് തമിഴ്ജനത കലൈഞ്ജര്‍ക്ക് നല്‍കിയത്. ‘ ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം ‘ എന്ന കലൈഞ്ജരുടെ വാക്കുകള്‍ എഴുതിയ ശവമഞ്ചത്തിലാണ് അദ്ദേഹത്തെ മറീനയിലെത്തിച്ചത്.

ദേശീയബഹുമതികളോടെയാണ് കരുണാനിധിയെന്ന കലൈഞ്ജരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

പ്രധാനമന്ത്രി അടക്കം രാജ്യത്തെ നിരവധി പ്രമുഖർ ചെന്നൈ രാജാജി ഹാളില്‍ രാവിലെതന്നെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വൻ ജനാവലിയാണ് എത്തിയിരുന്നത്.ഒരു രാത്രിയും പകലും നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണു കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കാനായത്.

മറീന ബീച്ചിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായി്രുന്നു.

നീണ്ട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കലൈഞ്ജരുടെ ആഗ്രഹം പോലെ മറീന ബീച്ചില്‍ അണ്ണാദുരൈയുടെ സമാധിക്കരികില്‍ തന്നെ തങ്ങളുടെ പ്രിയനേതാവിന് അന്ത്യവിശ്രമം ഒരുക്കാൻ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഡിഎംകെ പ്രവർത്തകർ. ഉയിര്‍ തമി‍ഴനും ഉടല്‍ മണ്ണി്നും അര്‍പ്പിച്ച് കലൈഞ്ചര്‍ ഇനി ഒാര്‍മമാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News