കലൈഞ്ജര്‍ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ ആദരാഞ്ജലി; ദക്ഷിണേന്ത്യയുടെ ശബ്ദമായ നേതാവെന്ന് വിഎസ്; രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന നേതാവെന്ന് ഗവര്‍ണര്‍

കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ രാഷ്ട്രീയ നേതാവുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തിലും, ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലും, കൂടങ്കുളം വിഷയത്തിലുമെല്ലാം ശ്രീ കരുണാനിധിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്.

ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു, ശ്രീ കരുണാനിധി. തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയുണ്ടായി.

തിരക്കഥാകൃത്ത്, നാടകക്കാരന്‍, സാഹിത്യകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു, കരുണാനിധിയുടേത്. ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്.

കലൈഞ്ജര്‍ കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്‍റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്. വിഎസ് പറഞ്ഞു.

ഗവര്‍ണറുടെ അനുശോചന സന്ദേശം

രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും പൂര്‍ണമായി ഒത്തുചേര്‍ന്ന മഹദ് വ്യക്തിയായിരുന്നു അന്തരിച്ച തമിഴ് നാട് മുന്‍മുഖ്യമന്ത്രി കലൈജ്ഞര്‍ ഡോ.എം കരുണാനിധി എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുസ്മരിച്ചു.

“തമിഴ് നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികളിലെല്ലാം തന്നെ പിന്നാക്ക,അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള തീവ്രമായ ആഗ്രഹവും മതേതരത്വത്തിലും തമിഴ് പൈതൃകത്തിന്റെ അതുല്യസമൃദ്ധിയിലുമുള്ള അടിയുറച്ച വിശ്വാസവും ദൃശ്യമായിരുന്നു.വാക്കുകള്‍ക്കതീതമാണ് ഈ നഷ്ടം”-ഗവര്‍ണര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ അനുശോചന സന്ദേശം

അണ്ണാദുരൈക്ക് ശേഷം ദ്രാവിഡ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കരുണാനിധി സ്വാതന്ത്രാനന്തര ഭാരതത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു.

ഇന്ത്യയിലെ മതേതര- ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച അദ്ദേഹം തമിഴ്‌നാടിന്‍െ സാമൂഹ്യ നവോത്ഥാനത്തിന് വലിയ പങ്ക് വഹിച്ചയാളാണ്.

അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യ മന്ത്രി പദം അലങ്കരിച്ച അദ്ദേഹം ഇന്ത്യയിലെ അതികായനായ രാഷ്ട്രീയ നേതാവായിരുന്നു. തമിഴ് ഭാഷക്കും, സംസ്‌കാരത്തിന്റെ വിലയ സംഭാവന നല്‍കിയ സാംസ്‌കാരിക നായകന്‍ കൂടി ആയിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News