
സിനിമാ മേഖലയിലെ നടിമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ വാസ്തവമെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. പ്രശ്ന പരിഹാരത്തിനായി ഉടന്‍ ജനറല്‍ ബോഡി വിളിക്കുമെന്നും പരാതി ഉന്നയിച്ച നടിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ അറിയിച്ചു.
ഡബ്ലു സിസി പ്രതിനിധികളായല്ല, അമ്മയുടെ അംഗങ്ങളായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് നടിമാരും വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയായി ഹൈക്കോടതിയില്‍ നല്‍കിയ കക്ഷി ചേരല്‍ ഹര്‍ജി നല്‍കിയത് നടിമാരുടെ വ്യക്തിപരമായ തീരുമാനം ആയിരുന്നുവെന്നും അമ്മ അറിയിച്ചു.
കൊച്ചിയില്‍ നാല് മണിക്കൂറോളം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷവും പ്രശ്ന പരിഹാരത്തിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനാവാതെയാണ് അമ്മ എക്സിക്യുട്ടീവ് യോഗം അവസാനിച്ചത്. എക്സിക്യുട്ടീവ് യോഗത്തിന് ശേഷം പരാതി ഉന്നയിച്ച് കത്തെഴുതിയ പത്മപ്രിയ, പാര്‍വ്വതി, രേവതി എന്നിവരുമായും അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു.
പിന്നീട് പരാതിക്കാരായ ഷമ്മി തിലകന്‍, ജോയി മാത്യു എന്നിവരുമായും വെവ്വേറെ ചര്‍ച്ചകളും ഉണ്ടായി. ഒടുവില്‍ നടിമാരുടെ പരാതികളില്‍ കഴന്പുണ്ടെന്ന് മനസ്സിലാക്കി പ്രശ്ന പരിഹാരത്തിനായി ഉടന്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുമെന്ന തീരുമാനമാണ് മോഹന്‍ലാല്‍ അറിയിച്ചത്.
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് പറയാറായിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും നടിമാരായ പാര്‍വ്വതിയും രേവതിയും പത്മപ്രിയയും പ്രതികരിച്ചു. WCC അംഗങ്ങളെന്ന നിലയില്‍ ഭാവികാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ അമ്മയുടെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ചര്‍ച്ചയ്ക്കെത്തിയതെന്നായിരുന്നു മറുപടി.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാനായി ഹൈക്കോടതിയില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണിറോസ്, രചന നാരായണന്‍ കുട്ടി എന്നിവരുടെ തീരുമാനം വ്യക്തിപരമാണെന്നായിരുന്നു അമ്മയുടെ മറുപടി. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം നിയമോപദേശം കിട്ടിയ ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു.
തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായ അമ്മയുടെ നിലപാടിനെ നടന്‍ ജോയി മാത്യുവും സ്വാഗതം ചെയ്തു. നിര്‍ണായകമായ തീരുമാനങ്ങളൊന്നും എക്സിക്യുട്ടീവ് യോഗം കൈക്കൊണ്ടില്ലെങ്കിലും പ്രതിഷേധക്കാരില്‍ മഞ്ഞുരുകാനുളള സാധ്യതകള്‍ പ്രതീക്ഷകളായി നല്‍കാന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുളള അമ്മ ഭാരവാഹികള്‍ക്ക് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here