കൊല്ലം: സോഷ്യല്‍മീഡിയയിലൂടെ എസ്‌ഡിപിഐ പ്രവര്‍ത്തകന്റെ കൊലവിളിയും അസഭ്യവര്‍ഷവും. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ റിയാസ് മാളിയേക്കലാണ് സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കൊലവിളി ഉയര്‍ത്തി രംഗത്തെത്തിയത്.

കരുനാഗപ്പിള്ളി തൊടിയൂരിലെ മുന്‍ ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി സജീവിന്റെ സഹോദരന്‍ പ്രവാസിയായ അബ്‌ദുല്‍ സത്താറിനെതിരെയാണ് ഭീഷണി ഉയര്‍ത്തിയത്.

ഇദ്ദേഹത്തിന്റെ കൈകാലുകള്‍ വെട്ടിയെടുക്കുമെന്നും കുടുംബാംഗങ്ങളായ സ്ത്രീകളെ ബലാല്‍സംഗത്തിന് ഇരയാക്കുമെന്നുമാണ് ഭീഷണി. അറപ്പുളവാക്കുന്ന അസഭ്യത്തോടെയാണ് ഭീഷണി. ഗള്‍ഫില്‍ സത്താര്‍ നില്‍ക്കുന്ന സ്ഥലം വെളിപ്പെടുത്താനും ഇയാള്‍ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ നിമിഷങ്ങള്‍ക്കകം കൈകാര്യം ചെയ്യുമെന്നും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ റിയാസ് പ്രത്യേക പരിശീലനം നേടിയ എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിലെ അംഗമാണെന്നും പറയപ്പെടുന്നു.സമൂഹമാധ്യമങ്ങളില്‍ ഭീഷണി വ്യാപകമായതോടെ അബ്ദുല്‍ സത്താറിന്റെ ഭാര്യ കരുനാഗപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.