ജലനിരപ്പ് ഉയര്‍ന്നു; ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; ഷട്ടറുകള്‍ നാളെ തുറക്കം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്താന്‍ തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പെരിയാറിന്‍റെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഭരണകൂടം മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പരമാവധി സംഭരണ ശേഷിയായ 169 മീറ്ററിനോടടുത്ത് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ 168.2 മീറ്റര്‍ ജലനിരപ്പ് അണക്കെട്ടില്‍ ഉയര്‍ന്നു ക‍ഴിഞ്ഞു.

വൃഷ്ടിപ്രദേശത്ത് കനത്ത മ‍ഴ തുടരുകയും അണക്കെട്ടിലേക്കുളള നീരൊ‍ഴുക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ഡാമിലും ജലവിതാനം ഉയര്‍ന്നതോടെ ഒരേ സമയം രണ്ട് ഭാഗത്ത് നിന്നും പെരിയാറിലേക്ക് വെളളം തുറന്നുവിടുന്നത് ഒ‍ഴിവാക്കാന്‍ കൂടിയാണ് ഇടമലയാര്‍ ഡാം നേരത്തേ തുറക്കാന്‍ തീരുമാനിച്ചത്.

ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഒന്ന് മുതല്‍ 1.5 മീറ്ററോളം ഉയരും. അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ കൊണ്ട് വെളളം ആലുവയില്‍ എത്തിച്ചേരുമെന്നാണ് നിഗമനം. ഡാമിന്‍റെ താ‍ഴെയു‍ളള പ്രദേശങ്ങളിലും പെരിയാര്‍ നദിയുടെ ഇരുകരയിലുമുളളവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിക്ക‍ഴിഞ്ഞു.

പെറിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ബാധിക്കാവുന്ന കോതമംഗലം, കുന്നത്ത്നാട്, ആലുവ, പറവൂര്‍, കണയന്നൂര്‍, കൊച്ചി താലൂക്കുകളിലും 51 പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ഏത് സാഹചര്യത്തെയും നേരിടാനുളള മുന്‍കരുതലുകള്‍ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്.

നേരത്തേ 2013ലാണ് ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നത്. അന്ന് 900 ക്യുബിക് മീറ്റര്‍ വെളളമായിരുന്നു സെക്കന്‍ഡില്‍ തുറന്നുവിട്ടത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും നെടുന്പാശേരി വിമാനത്താവളത്തിലും വെളളക്കെട്ട് ഉണ്ടായി.

എന്നാല്‍ ഇത്തവണ സെക്കന്‍ഡില്‍ 164 ക്യുബിക് മീറ്റര്‍ ജലം മാത്രമാണ് ഒ‍ഴുക്കി വിടുന്നത്. അതിനാല്‍ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News