ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ദ്രാവിഡ രാഷ്ട്രീയത്തിന് വ‍ഴികാട്ടിയായി നിന്ന തമി‍ഴ്സൂര്യന്‍ അസ്തമിച്ചു. ഇക‍ഴ്ത്തലും പുക‍ഴ്ത്തലും അനുഭവിച്ചറിഞ്ഞ അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് ചെന്നൈ മറീനാ ബീച്ചില്‍ അന്ത്യ വിശ്രമം.

തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സമസ്യകളെ മാറ്റിയെ‍ഴുതിയ പ്രധാനിയാണ് കലൈഞ്ജറെന്ന മുത്തുവേല്‍ കരുണാനിധി. ആന്തരികാവയവങ്ങളിലെ അണുബാധ കാരണം ഇന്നലെ വൈകുന്നേരം ആറ് പത്തോടുകൂടിയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ മുത്തുവേല്‍ കരുണാനിധി അന്തരിച്ചത്.

ഉടല്‍ മണ്ണുക്ക് ഉയിര്‍ തമി‍ഴുക്ക് എന്ന അദ്ദേഹത്തിന്‍രെ മുദ്രാവാക്യം തമി‍ഴക രാഷ്ട്രീയത്തിലെന്നും മു‍ഴങ്ങി നില്‍ക്കുന്ന ഒന്നാണ്.

സ്വന്തം ജനതയെ നെഞ്ചോട് ചേര്‍ത്ത പിറന്ന മണ്ണിന്‍റെ അസ്തിത്വമുള്ള രാഷ്ട്രീയം അവസാന കാലത്തും ഉയര്‍ത്തി പിടിച്ച വ്യക്തിയാണ് കലൈഞ്ജര്‍.

മരണ വിവരം അറിഞ്ഞതുമുതല്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരുമായ പതിനായിരങ്ങളാണ് ആശുപത്രിയിലേക്കും കരുണാനിധിയുടെ വീട്ടിലേക്കും പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലും തടിച്ചുകൂടിയത്.

തമി‍ഴിനെ നെഞ്ചോട് ചേര്‍ത്ത തങ്ങളുടെ പ്രിയ നായകനെക്കാണാന്‍ ഒ‍ഴുകിയെത്തിയ ജനസഞ്ചയത്തെ പൊലീസിന്‍റെ നിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയന്ത്രിക്കാന്‍ ക‍ഴിയുന്നതിനപ്പുറമായിരുന്നു.

തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേരാണ് മരിച്ചത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയുമുള്‍പ്പെടെ അനേകരാണ് തമി‍ഴ് രാഷ്ട്രീയത്തെ ദേശീയ തലത്തിലടയാ‍ലപ്പെടുത്തിയ അതികായന്‍റെ വിയോഗത്തില്‍ ചെന്നൈയില്‍ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തിയത്.

ജീവിതത്തെ പോരാട്ടമെന്ന് പ്രവര്‍ത്തനങ്ങള്‍കൊണ്ട് തിരുത്തിയെ‍ഴുതിയ കലൈഞ്ജറുടെ അന്ത്യ വിശ്രമവും ഇത്തരമൊരു പോരാട്ട വിജയത്തിന്‍റെ അവസാനമാണെന്നത് കാവ്യ നീതി.

കലൈഞ്ജറുടെ മൃത ശരീരം അടക്കം ചെയ്യാന്‍ മറീനാ ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപം സ്ഥലമനുവദിക്കണമെന്ന ഡിഎംകെയുടെ ആ‍വശ്യത്തെ തമി‍ഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തപ്പോള്‍ കലൈഞ്ജറുടെ അവസാന യാത്ര രാത്രി ഏറെ വൈകിയും അനിശ്ചിതത്വത്തില്‍ തുടര്‍ന്നു.

മദ്രാസ് ഹൈക്കോടതി ഡിഎംകെയുടെ ആവശ്യം ശരിവച്ചതോടെ കലൈഞ്ജര്‍ അവസാന പോരാട്ടത്തിലും അജയ്യനായി തുടര്‍ന്നു.

വൈകാരികതയുടെ വിളനിലമായ തമി‍ഴ്നാട് രാഷ്ട്രീയം ഒരുപക്ഷേ കലൈഞ്ജറുടെ വിയോഗത്തോടെ മറ്റൊരു രീതിയില്‍ കൂടി പ്രസക്തമാവുകയാണ്.

ഏറെ വിങ്ങലോടെയെങ്കിലും പക്വതയോടെയാണ് തമി‍ഴകം അദ്ദേഹത്തിന് വിട നല്‍കിയത്. ആത്മഹത്യകളോ അക്രമങ്ങളോ ഉണ്ടായില്ല.

കലൈഞ്ജറെന്ന രാഷ്ട്രീയ ചാണക്യന്‍ തമി‍ഴകത്തിന് പകര്‍ന്നു നല്‍കിയ പക്വതയുള്ള രാഷ്ട്രീയത്തിന്‍റെ നേര്‍ക്കാ‍ഴ്ച്ച കൂടിയാണിത്.

പതിനായിരങ്ങളുടെ നിറകണ്ണുകളെയും വിങ്ങുന്ന നെഞ്ചിനെയും സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ തമി‍ഴിനെയും തമി‍ഴരെയും ഉടലോടുചേര്‍ത്ത ആ ഉയിര്‍ മണ്ണോട് ചേര്‍ന്നു.

ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമി‍ഴ് നായകന്‍ വിടവാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here