രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ നേരിട്ടുള്ള പോരാട്ടത്തിന് വേദിയായി രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദുമാണ് മത്സര രംഗത്തുള്ളത്.

പിജെ കുര്യന്‍ വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്‍ഡിഎ അംഗത്തെ എത്തിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്കെത്തുമെന്നാണ് സൂചന. അതിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ അഭയ കേന്ദ്രങ്ങളിലുണ്ടായ പീഡനത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമായേക്കും.

നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടുകളാണ്. ടിഡിപിയുടെതും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെതുമുള്‍പ്പടെ 114 വോട്ടുകളാണ് സംയുക്ത പ്രതിപക്ഷത്തിന് രാജ്യസഭയില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ എഐഡിഎംകെ ഉള്‍പ്പടെ ഭരണപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയുണ്ട്.

കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും വ്യക്തമായ ആസൂത്രണ പരാജയങ്ങളാണ് എന്‍ഡിഎയ്ക്ക് പിന്തുണ വര്‍ധിപ്പിച്ചിരിക്കുന്നത്. 9 പേരുള്ള ബിജു ജനതാദളിന്റെ പിന്തുണ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നവീന്‍ പട്‌നായിക്കിനെ വിളിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദളും എന്‍ഡിഎയെ പിന്തുണച്ചേക്കും. ആറ് പേരുള്ള തെലങ്കാന രാഷ്ട്ര സമിതിയും ഹരിവന്‍ഷിനെ പിന്തുണയ്ക്കാമെന്ന് സൂചന നല്കിയതോടെ എന്‍ഡിഎയ്ക്ക് വിജയം ഏറെകുറെ ഉറപ്പായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ 125 വോട്ടെടെ അനായസ വിജയം സ്വന്തമാക്കാമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കു കൂട്ടല്‍. ഇങ്ങനെ വന്നാല്‍ കഴിഞ്ഞ നാലു വര്‍ഷവും രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെ ചെറുത്ത പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകുമിത്.

കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്ന് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ എത്താതിരുന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗ സംഖ്യ ഇനിയും കുറയും. ഇന്ന് പതിനൊന്ന് മണിക്കാണ് തെരഞ്ഞെടുപ്പ്. ഇത് ആറാം തവണയാണ് രാജ്യസഭയുടെ ചരിത്രത്തില്‍ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here