കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി‐കർഷക മുന്നേറ്റം; റാലിയിൽ ലക്ഷങ്ങൾ അണിചേരും

സെപ്തംബർ അഞ്ചിന്‌ ഡൽഹിയിൽ തൊഴിലാളി‐കർഷക റാലി നടക്കുകയാണ്. സിഐടിയു, കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ ചേർന്ന് ആഹ്വാനം ചെയ്ത റാലിയിൽ ലക്ഷങ്ങൾ അണിചേരും.

മോഡിസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും ഒന്നിക്കുന്ന പ്രക്ഷോഭം രാജ്യത്ത് വളർന്നുവരുന്ന ഇടതുപക്ഷ‐ ജനാധിപത്യ ബദലിന് കരുത്തുപകരും. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് ഇത്തരമൊരു ഐക്യസമരം രാജ്യതലസ്ഥാനത്ത് നടക്കുന്നത്.

അന്തർദേശീയ ധനമൂലധന ശക്തികളുടെയും ഇന്ത്യൻ കുത്തകകളുടെയും താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന നവ‐ ഉദാരവൽക്കരണ നയമാണ് മോഡിസർക്കാർ നടപ്പാക്കുന്നത്. കുത്തകകളുടെ ലാഭം വർധിപ്പിക്കാൻ തൊഴിലാളികളുടെ കൂട്ടായ വിലപേശൽശക്തി കുറയ‌്ക്കുക എന്ന തന്ത്രമാണ് നടപ്പാക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യുന്നത്.

ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം പരിമിതപ്പെടുത്തുക എന്നതാണ് ഇത്തരം നടപടികളുടെ ലക്ഷ്യം. സ്ഥിരം ജോലി ഇല്ലാതാക്കി താൽക്കാലിക‐ കരാർ‐ നിശ്ചിതകാല തൊഴിൽസമ്പ്രദായം വ്യാപിപ്പിക്കുകയാണ്. ഇന്ത്യയിൽ തൊഴിലെടുക്കുന്നവരുടെ 90 ശതമാനത്തിലധികവും അസംഘടിത‐ പരമ്പരാഗത മേഖലയിലാണ്.

ദേശീയ മിനിമംകൂലിപോലും നടപ്പാക്കാൻ സർക്കാർ സന്നദ്ധമാകാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്നത് തുച്ഛമായ ദിവസക്കൂലിയാണ്. ഒരുവിധ സാമൂഹ്യസുരക്ഷാപദ്ധതികളും ഇവർക്ക് ബാധകമല്ല. പെൻഷൻ പദ്ധതിയുമില്ല. സംഘടിത മേഖലയെ ചുരുക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

2018ലെ ഓക്സ്ഫാം റിപ്പോർട്ടനുസരിച്ച് 2017ൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 73 ശതമാനം കൈയടക്കിയത് ജനസംഖ്യയുടെ മുകൾത്തട്ടിലുള്ള ഒരുശതമാനം സമ്പന്നരാണ്. ജനസംഖ്യയുടെ പകുതിയിൽ താഴെ വരുന്ന ദരിദ്രരുടെ വരുമാനത്തിൽ ഒരു വർധനയുമുണ്ടായില്ല. ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള വിഭവങ്ങൾ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗം ജനങ്ങൾക്കായി വിനിയോഗിക്കാൻ കഴിയാത്ത മുതലാളിത്തവ്യവസ്ഥയാണ് ഈ സ്ഥിതി സൃഷ്ടിക്കുന്നത്.

നവ‐ഉദാരവൽക്കരണ നയങ്ങൾ രാജ്യത്തെ വ്യവസായവളർച്ചയെ ബാധിക്കുന്നു. ചുരുങ്ങിയ തോതിൽ ഇന്ത്യയിലെത്തുന്ന വിദേശനിക്ഷേപം ഓഹരിക്കമ്പോളത്തിലേക്കാണ് പോകുന്നത്. മൂലധനനിക്ഷേപം ഇടിഞ്ഞു. തൽഫലമായി പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നത് കുറഞ്ഞു. വർഷംപ്രതി രണ്ടുകോടി പുതിയ തൊഴിലവസരം വാഗ്ദാനം ചെയ്ത മോഡിക്ക്‌ വാഗ്ദാനം നിറവേറ്റാനായില്ല.

രാജ്യത്താകെ തൊഴിലില്ലായ്മ പെരുകി. ദേശീയസമ്പത്തിന്റെ പകുതിയോളം സംഭാവന ചെയ്യുന്ന ചെറുകിടവ്യവസായ മേഖല ഗുരുതര തകർച്ചയിലാണ്. നോട്ട് നിരോധനം ഈ മേഖലയ‌്ക്കുണ്ടാക്കിയ ആഘാതം തുടരുമ്പോഴാണ് ‘ജിഎസ്ടി’ നടപ്പാക്കിയത്. രണ്ടുംകൂടി ചെറുകിടവ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തി.

പുതിയ തൊഴിൽ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദം വാസ്തവവിരുദ്ധമാണ്. പ്രോവിഡന്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ എണ്ണത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഈ അവകാശവാദം ഉന്നയിക്കുന്നത്. പുതിയതായി പിഎഫിൽ ചേർക്കുന്ന തൊഴിലാളികളുടെ പിഎഫിലേക്കുള്ള തൊഴിലുടമാവിഹിതം മൂന്നുവർഷത്തേക്ക് തൊഴിലുടമകൾ അടയ‌്ക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവാണ് നിലവിലുള്ള തൊഴിലാളികളെ പിഎഫിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളെ പ്രേരിപ്പിച്ചത്. ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ എണ്ണം കണക്കാക്കിയാണ് പുതിയ തൊഴിൽ സൃഷ്ടിച്ചു എന്ന സർക്കാരിന്റെ അവകാശവാദം.

പൊതുമേഖലയെ സ്വകാര്യവൽക്കരിക്കൽ നവ‐ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമാണ്. മുമ്പുള്ള കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ഈ നടപടി മോഡിസർക്കാർ വേഗത്തിലാക്കി. തന്ത്രപ്രധാനമേഖലകളിലെ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യകുത്തകകൾക്ക് തീറെഴുതുകയാണ്.

റെയിൽവേ, വ്യോമഗതാഗതം, എയർപോർട്ട‌്, വാർത്ത‐വിനിമയം, പ്രതിരോധം, ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യകുത്തകകൾക്കായി തുറന്നുകൊടുത്തു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല വ്യവസായങ്ങളും സ്വകാര്യവൽക്കരിക്കുന്നു. കേരളത്തിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്, ഹിന്ദുസ്ഥാൻ ലൈഫ്കെയർ എന്നിവയും സ്വകാര്യവൽക്കരണത്തിനുള്ള പട്ടികയിലുണ്ട്. വൈദ്യുതി, റോഡ് ട്രാൻസ്പോർട്ട‌് എന്നീ മേഖലകളും സ്വകാര്യകുത്തകകളെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

ബാങ്ക് ദേശസാൽക്കരണത്തിന്റെ 50‐ാംവാർഷികമാണ് 2019. ഈ സന്ദർഭത്തിൽ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പത്തുലക്ഷം കോടി രൂപയിലെത്തി. ബാങ്കുകൾ മൊത്തം നൽകിയ വായ്പത്തുകയുടെ പത്ത് ശതമാനമാണിത്. കിട്ടാക്കടം 2014ൽ 2.92 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ നാലുവർഷംകൊണ്ട് ഇത് മൂന്നിരട്ടിയിലധികം വർധിച്ചു. കിട്ടാക്കടത്തിന്റെ 73.33 ശതമാനം കോർപറേറ്റുകളുടേതാണ്. കാർഷികമേഖലയ‌്ക്ക് നൽകിയ വായ്പ തിരിച്ചടയ‌്ക്കാതെ കിട്ടാക്കടമായത് മൊത്തം കിട്ടാക്കടത്തിന്റെ 8.89 ശതമാനംമാത്രമാണ്. 500 കോടിയിലധികം രൂപ കടമെടുത്തവരുടേതാണ് 53 ശതമാനം കിട്ടാക്കടം.

അഞ്ചുകോടിയിലധികം രൂപ കടമെടുത്തവർ കിട്ടാക്കടമാക്കിയത് മൊത്തം കിട്ടാക്കടത്തിന്റെ 90 ശതമാനമാണ്. തൊഴിൽ ചെയ്യുന്നവരുടെ 90 ശതമാനത്തിലധികം വരുന്ന അസംഘടിത പരമ്പരാഗത മേഖലകളിലെ തൊഴിലാളികളെയും തൊഴിൽരഹിതരായ യുവജനതയെയും കർഷകരെയും സർക്കാർ പാടെ അവഗണിച്ചു. ബാങ്കുകളുടെ കവാടങ്ങൾ സമ്പന്നർക്കുമുമ്പിൽ തുറന്നിട്ടു. വിജയ് മല്യ, നീരവ് മോഡി തുടങ്ങിയവർ കോടിക്കണക്കിന് രൂപ ബാങ്കുകളിൽനിന്ന് തട്ടിയെടുത്ത് കൈയും വീശി നാടുവിട്ടു. ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപം ജനങ്ങളുടേതാണ്. അത് കൊള്ളയടിക്കാൻ മോഡിസർക്കാർ കുത്തകകൾക്ക് കൂട്ടുനിന്നു. ഇതാണ് ‘ചങ്ങാത്തമുതലാളിത്തം’.

ദരിദ്രജനങ്ങളുടെ സഹായത്തിനായി രൂപംകൊണ്ട പദ്ധതികളെല്ലാം ദുർബലമായി. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, ഐസിഡിഎസ്, എൻഎച്ച്എം തുടങ്ങിയ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വർഷംതോറും കുറച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാനായില്ല. പെട്രോൾ‐ ഡീസൽ‐ പാചകവാതക വില കുത്തനെ ഉയർത്തി.

കൃഷിച്ചെലവിന്റെ പകുതികൂടി ചേർത്ത് കുറഞ്ഞ വില നിശ്ചയിക്കണമെന്ന ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനം കാറ്റിൽപ്പറത്തി. വൻകിട കുത്തകകൾ ഉൽപ്പന്നങ്ങളുടെ വില ഇടിച്ചുതാഴ്ത്തി. അവധിവ്യാപാരം, മുൻകൂർവ്യാപാരം തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് അവർ ഇത് ചെയ്തത്. ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതെ കടക്കെണിയിൽ കുടുങ്ങിയ കർഷകരുടെ മുമ്പിൽ ആത്മഹത്യയല്ലാതെ മറ്റ് പോംവഴികളില്ല. മോഡി അധികാരമേറ്റശേഷമുള്ള കാലത്ത് കർഷക ആത്മഹത്യ 45 ശതമാനം വർധിച്ചു. ലക്ഷക്കണക്കിന് കർഷകത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി.

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ തകർച്ചയുണ്ടാക്കി. ദേശീയ സമ്പത്തുൽപ്പാദനത്തിന്റെ വളർച്ചനിരക്ക് ഇടിഞ്ഞു. ജിഎസ്ടി സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ കുറവുവരുത്തി. ജനാധിപത്യമൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും സർക്കാർ തകർത്തുകൊണ്ടിരിക്കുന്നു. നീതിന്യായവ്യവസ്ഥയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രാജ്യമാസകലം വർഗീയസംഘർഷങ്ങളുണ്ടാക്കാൻ സംഘപരിവാറിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. ഗോരക്ഷയുടെ പേരിൽ, മതന്യൂനപക്ഷങ്ങളെയും ദളിത് ജനതയെയും സംഘപരിവാർ ഗുണ്ടകൾ വേട്ടയാടുന്നു. ആൾക്കൂട്ടക്കൊലയിലെ പ്രതികളെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പരസ്യമായി പിന്തുണയ‌്ക്കുന്നു.

ഹിന്ദുത്വ വർഗീയതയും നവ‐ ഉദാരവൽക്കരണ നയങ്ങളും ഒന്നിച്ചാണ് നീങ്ങുന്നത്. അതിവേഗം ജനവിരുദ്ധമായി മാറുന്ന നവ‐ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, പ്രതിഷേധവുമായി സമരരംഗത്തിറങ്ങുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വർഗീയതയെ ഉപയോഗിക്കുന്നത്. വർഗീയ കലാപത്തിലൂടെ ഹിന്ദു‐മുസ്ലിം ധ്രുവീകരണം സൃഷ്ടിച്ചാണ് 2014ൽ യുപിയിലും മറ്റും ബിജെപി വിജയിച്ചത്. 2019ലെ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി അതേതന്ത്രം പയറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. സംഘപരിവാറിന്റെ വർഗീയ അജൻഡയെ എതിർക്കുകയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സാംസ്കാരിക‐ സാമൂഹ്യ‐ പത്ര പ്രവർത്തകരെയും സാഹിത്യകാരന്മാരെയും കൊലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യൽ വ്യാപകമാണ്.

മോഡിസർക്കാരിന്റെ നവ‐ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, തൊഴിലാളികൾ ഒറ്റക്കെട്ടായി വൻപ്രക്ഷോഭങ്ങൾ ഉയർത്തി. 2015ലും 2016ലും ദേശീയ പണിമുടക്കുകൾ സംഘടിപ്പിച്ചു. കോടിക്കണക്കിന് തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. 2017 നവംബറിൽ സിഐടിയു ഡൽഹിയിൽ സംഘടിപ്പിച്ച മഹാധർണ ചരിത്രസംഭവമായി.

വടക്കെ ഇന്ത്യ കർഷകസമരത്തിൽ ഇളകിമറിഞ്ഞു. മഹാരാഷ്ട്രയിലെ കർഷകമാർച്ച് അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി. രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ‌് തുടങ്ങിയ സംസ്ഥാനങ്ങളിലും വൻ കർഷകസമരങ്ങൾ നടക്കുകയുണ്ടായി.തൊഴിലാളികളുടെ യോജിച്ച സമരത്തിൽനിന്ന‌് ബിഎംഎസ് വിട്ടുനിന്നെങ്കിലും പണിമുടക്കുകളുടെ വ്യാപ്തിയെ അത് ബാധിച്ചില്ല. ബിഎംഎസ് തൊഴിലാളികൾക്കിടയിൽ പരിഹാസ്യരായി. ഈ സാഹചര്യത്തിലാണ് അധ്വാനിക്കുന്ന വർഗങ്ങൾ ഒറ്റക്കെട്ടായി ചേർന്ന് സർക്കാരിന്റെ മുതലാളിത്തനയങ്ങൾക്കെതിരായി പോരാട്ടത്തിനിറങ്ങുന്നത്. കേന്ദ്രഭരണത്തിലുള്ള ബിജെപിക്ക് ബദലാകാൻ അതേ സാമ്പത്തികനയങ്ങൾ പിന്തുടരുന്ന കോൺഗ്രസിനോ മറ്റു ബൂർഷ്വാപാർടികൾക്കോ ആകില്ല. തൊഴിലാളി‐കർഷക സഖ്യത്തിന്റെ അടിസ്ഥാനത്തിൽ പുതിയ രാഷ്ട്രീയചേരി രൂപംകൊള്ളണം. ഇടതുപക്ഷ‐ ജനാധിപത്യ‐ മതനിരപേക്ഷ ശക്തികളെ മുഴുവൻ അണിനിരത്തി, പുതിയ രാഷ്ട്രീയചേരിക്ക് മുന്നേറാൻ കഴിയണം. ഈ കാഴ്ചപ്പാടോടെയാണ് ഇന്ത്യയിലെ അധ്വാനിക്കുന്ന വർഗങ്ങളുടെ ഐക്യം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ നാലുവർഷമായി നാം മോഡിസർക്കാരിന്റെ നയങ്ങൾ മാറ്റുക എന്ന മുദ്രാവാക്യമുയർത്തി സമരം ചെയ്യുന്നു. കുത്തക മുതലാളി‐ ഭൂപ്രഭു വർഗ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബിജെപി സർക്കാരിന് ഈ ജനവിരുദ്ധനയങ്ങൾ ഉപേക്ഷിക്കാനാകില്ല. എങ്കിൽ ഈ സർക്കാരിനെ മാറ്റുക എന്ന മുദ്രാവാക്യം നാം ഒറ്റക്കെട്ടായി ഉയർത്തേണ്ട സമയം ആഗതമായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News