സിപിഐഎം മുന്‍ സംസ്ഥാന കമ്മറ്റിയംഗം വിആര്‍ ഭാസ്‌ക്കരന്‍ അന്തരിച്ചു

കോട്ടയം: സിപിഐഎം സമുന്നത നേതാവ് മുന്‍ സംസ്സ്ഥാന കമ്മറ്റിയംഗവായിരുന്ന വിആര്‍ബി എന്ന് അറിയപ്പെടുന്ന വിആര്‍ ഭാസ്‌കരന്‍ അന്തരിച്ചു. 91 വയസായിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചങ്ങനാശേരി ചെത്തിപുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ 7.20ന് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചങ്ങനാശേരിയില്‍.

1926 ഒക്ടോബറില്‍ (കൊല്ലവര്‍ഷം 1109 തുലാം മാസത്തിലെ പൂരം നക്ഷത്രത്തില്‍) നെടുംകുന്നം വടക്കയില്‍ വീട്ടില്‍ അയ്യപ്പന്റെയും രുദ്രമ്മയുടെയും 8 മക്കളില്‍ മൂന്നാമനായി ജനിച്ചു.

കുട്ടന്‍ എന്നായിരുന്നു വീട്ടില്‍ വിളിച്ചിരുന്നത്. സി പി ഐ എം ചങ്ങനാശേരി ഏരിയാ കമ്മറ്റിറിയംഗം കോട്ടയം ജില്ലാ കമ്മറ്റിയംഗം 1996 ല്‍ പാലക്കാട്ട് നടന്ന സി പി ഐ എം സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രായാധിക്യത്താല്‍ സ്ഥാനം ഒഴിയുന്നതുവരെ വി ആര്‍ ബി ആ സ്ഥാനത്ത് തുടര്‍ന്നു.

നെടുംകുന്നം മലയാളം സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്. കേന്ദ്ര കമ്മറ്റിയംഗം കോട്ടയം ജില്ലാ സെക്രട്ടറി പ്രസിഡണ്ട് ചെത്തുതൊഴിലാളി യൂണിയന്‍ സ്ഥാപക നേതാവ് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ദീര്‍ഘകാലം എല്‍ ഡി എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ആയിരുന്നു.ജീവിച്ചിരുന്നതില്‍ വി എസ് കഴിഞ്ഞാല്‍ തല മുതിര്‍ന്ന നേതാവായിരുന്നു.മൂത്ത ജേഷ്ഠസഹോദരന്‍ വി.ഐ. രാഘവനാണ് വി ആര്‍ ബി യെ സ്‌കൂളില്‍ ചേര്‍ത്തത്. അതിനാല്‍ വടക്കയില്‍ അയ്യപ്പന്‍ എന്നതിന് പകരം വടക്കയില്‍ രാഘവന്‍ എന്നത് ഇന്‍ഷ്യല്‍ ആയി.

അങ്ങനെ വി ആര്‍ ഭാസ്‌ക്കരന്‍ എന്ന പേരിന് അര്‍ഹനായി .6ാം ക്ലാസ്സ് വരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് പഠിക്കാന്‍ സാന്പത്തിക ബുദ്ധിമുട്ടുകള്‍ അനുവദിച്ചില്ല, ഫീസ് നല്‍കാവാതെ ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തയ്യല്‍ ജോലി ആരംഭിച്ചു.

ഇത്തിത്താനം സ്വദേശി ദാമോദരനാണ് തയ്യല്‍ ജോലിയില്‍ വി ആര്‍ ബിയുടെ ആശാന്‍.സ്വാതന്ത്ര്യസമരം അതിന്റെ തീച്ചൂളയില്‍ എത്തി നില്‍ക്കുന്ന സമയത്ത് തയ്യല്‍, കശുവണ്ടി, ചെത്ത്, ബിഡി തെറുപ്പ്, ബാര്‍ബര്‍ തൊഴിലാളികള്‍ക്കിടയില്‍ തയ്യല്‍തൊഴിലാളികൂടിയായ യുവാവായ വി ആര്‍ ഭാസ്‌ക്കരനും സമരത്തിന്റെ ഭാഗഭാക്കായിത്തീര്‍ന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1944 ല്‍ പോലീസ് അറസ്റ്റ് ചെയ്ത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

അന്നു മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വി ആര്‍ ബി പിന്നീട് സോഷ്യലിസ്റ്റ് കോണ്‍ഗ്രസിലെത്തി. അവിടെനിന്നും അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയതോടെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.

16ാമത്തെ വയസ്സില്‍ വി ആര്‍ ബി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. ഇന്നത്തെ ബ്രാഞ്ചിനെ അന്ന് സെല്‍ എന്നാണ് വിളിച്ചിരുന്നത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മുതല്‍ സി പി ഐ എമ്മില്‍ ഉറച്ചു നിന്നു. 1968ല്‍ നെടുംകുന്നം പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

ദീര്‍ഘകാലം നെടുംകുന്നം റീജണല്‍ സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായും മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.മൂന്നു വര്‍ഷം കോട്ടയം ജില്ലാ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും സേവനം അനുഷ്ഠിച്ചു.

സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12ാം മൈലില്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇന്ന് ഈ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറിയായി രൂപാന്തരപ്പെട്ടു കഴിഞ്ഞു.

കൂടാതെ തന്റെ തയ്യല്‍ക്കടയോട് ചേര്‍ന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രതിരൂപമായി ഗാന്ധി സ്മാരക പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം സ്ഥാപിച്ചു. 1952 മുതല്‍ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

ചങ്ങനാശേരി പറാല്‍ സമരത്തിന്റെയും റൂബിസമരത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു വി ആര്‍ ബി വിമോചനസമര കാലത്ത് പറാലില്‍ നിന്നും തൊലികറുത്തവര്‍ ആരെങ്കിലും ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ എത്തിയാല്‍ അവരെ ശാരീരികമായി അക്രമിക്കുന്നത് പതിവായിരുന്നു.

ഇതിനെതിരെ കര്‍ഷകതൊഴിലാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍, ചങ്ങനാശേരി ചന്തയിലെ ‘വാടാ പോടാ’ സംഘമെന്ന് അറിയപ്പെട്ടിരുന്നവര്‍ പറാല്‍ പ്രദേശത്തെ കര്‍ഷകതൊഴിലാളികളുടെ 96 ഓളം വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ഈ സംഭവം നാടാകെ ഇളക്കിമറിച്ചു.

പറാല്‍ തീവെയ്പ്പ് കേസ് എന്നറിയപ്പെട്ട ഈ സംഭവത്തില്‍ അക്രമികളില്‍ നിന്നും കര്‍ഷകതൊഴിലാളികളെ സംരക്ഷിക്കുന്നതിന് നേതൃത്വം നല്കി. 1977 ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലീസ് വേട്ടയാടുന്നതിന്റെ ഭാഗമായി വി ആര്‍ ബി യും പോലീസ് പിടിയിലായി. 20 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞു.

ജയില്‍ വാസത്തിനിടയില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയുമായുള്ള സൗഹാര്‍ദ്ദം സാമാന്യം നല്ലനിലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ സഹായിച്ചു. ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്ത്, ഇ എം എസ് , എ കെ ജി, ആര്‍ ഉമാനാഥ്, പി രാമമൂര്‍ത്തി, ബാലസുബ്രഹ്മണ്യം, എസ് എ ഡാങ്കേ തുടങ്ങിയ മണ്‍മറഞ്ഞ കമ്മ്യൂണിസ്റ്റ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

1970 ല്‍ സി ഐ റ്റി യുവിന്റെ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്ത വി ആര്‍ ബി പിന്നീട് സി ഐ റ്റി യു വിന്റെ കേന്ദ്രകമ്മറ്റിയംഗം ആയും തിരഞ്ഞെടുക്കപെട്ടു.

ചങ്ങനാശ്ശേരിയില്‍ ചെത്തുതൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവായിരുന്നു.. 1986 ല്‍ കേരള നിയമസഭയിലേക്ക് ചങ്ങനാശ്ശേരി നിയോജകമണ്ധലത്തില്‍ നിന്നും മത്സരിച്ചു.

1974ല്‍ ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി 8 സെന്റ് സ്ഥലം 14,000 രൂപയക്ക് വാങ്ങി അതില്‍ 51,000 രൂപ ചെലവഴിച്ച് ഒരു കെട്ടിടം പണിത് സി പി ഐ എമ്മിന്റെ ആസ്ഥാനം പണികഴിപ്പിക്കുന്നതില്‍ ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്ന നിലയില്‍ വി ആര്‍ ബി നേതൃത്വം നല്കി.

കളങ്കരഹിതമായ പൊതുപ്രവര്‍ത്തനത്തിന് അലന്‍ ജെ. മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 2012 ല്‍ വി ആര്‍ ബി യെ തേടിയെത്തി. വി ഐ രാഘവന്‍, വി ഐ പത്മനാഭന്‍, വി ഐ ദേവകി, വി ഐ ശാരദ, വി ആര്‍ രാമകൃഷ്ണന്‍, വി ആര്‍ ഭാര്‍ഗ്ഗവി, വി ആര്‍ രാമന്‍കുട്ടി എന്നിവര്‍ സഹോദരങ്ങള്‍.ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒന്‍പതുു മുതല്‍ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ രണ്ടു മണിക്ക് പൊതുദര്‍ശനത്തിന് വക്കും.

തുടര്‍ന്ന് എസ് ബി കോേേളജിന് സമീപം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി വക്കുന്ന മൃതദേഹം ശനിയാഴ്ച്ച രാവിലെ 11ന് സി പി ഐ എം ചങ്ങനാശേരി ഏരീയാ കമ്മറ്റി ഓഫീസ് വളപ്പില്‍ സംസ്‌കരിക്കും.

മരണ വിവരം അറിഞ്ഞ് സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍, കെ സുരേഷ് കുറുപ്പ് എം എല്‍ എ ,സി എഫ് തോമസ് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപറമ്പില്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങായ പ്രെഫ എം ടി ജോസഫ്, എ വി റസ്സല്‍, കെ എം രാധാകൃഷ്ണന്‍ ഏരിയാ സെക്രട്ടറി കെ സി ജോസഫ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരന്‍, അഡ്വ റെജി സക്കറിയ എന്നിവര്‍ ആശുുപത്രിയില്‍ എത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News