മഹാരാഷ്ട്രയിലെ ഐതിഹാസിക സമരത്തിന്റെ തുടർച്ചയ്ക്ക് ഇന്നു തുടക്കം; ദേശവ്യാപകമായ ജയിൽ നിറയ്ക്കൽ സമരം; നാനൂറിലേറെ ജില്ലകളില്‍ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും

കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടെ ഇരുപത് ലക്ഷത്തോളം പേര്‍ ഈ സമരത്തിൽ അണിനിരക്കും. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷിക ദിനം എന്ന നിലയ്ക്കാണ് ആഗസ്റ്റ് 9 സമരദിനമായി തെരഞ്ഞെടുത്തത്.

കാര്‍ഷിക മേഖലയിലും തൊഴിലടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെയും സിഐടിയുവിന്റെയും നേതൃത്വത്തിലാണ് സമരം. ദില്ലിയിൽ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിക്കും.

കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്കും വിദേശ നിക്ഷേപത്തിനും തുറന്നുകൊടുക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരായ കര്‍ഷകരുടെ പ്രതിഷേധം രാജ്യവ്യാപകമായി അലയടിക്കുമെന്ന് ഹനന്‍മൊള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കാര്‍ഷിക മേഖലയിലെ കരാര്‍ വല്‍ക്കരണം വര്‍ധിക്കുകയാണ്. സ്വദേശി മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് വിദേശ കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ പൂര്‍ണ്ണമായി കീഴടങ്ങിയെന്ന് ഹനന്‍മൊള്ള പറഞ്ഞു. ജനകീയ പ്രതിഷേധത്തിന്റെ പുതിയൊരു യുഗത്തിന്റെ തുടക്കമാണ് ജയില്‍ നിറയ്ക്കല്‍ സമരത്തോടെ തുടങ്ങുന്നതെന്ന് തപന്‍സെന്‍ പറഞ്ഞു.

സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ സിഐടിയുവും കിസാന്‍സഭയും കര്‍ഷക തൊഴിലാളി യൂണിയനും സംയുക്തമായി മഹാറാലി സംഘടിപ്പിക്കും. വലിയ തൊഴില്‍സാധ്യതകളുള്ള ചെറുകിട വ്യാപാര മേഖലയെ സ്വകാര്യകുത്തക്കള്‍ക്ക് തുറന്നിടുകയാണ്. രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ ഇത് തകര്‍ക്കും. വൈദ്യുതി ക്ഷാമം തുടരുമ്പോള്‍ ഉല്‍പ്പാദനക്ഷമതയുടെ പകുതിമാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നില്ലെന്ന് തപന്‍സെന്‍ പറഞ്ഞു.

· കാര്‍ഷിക കടങ്ങൾ എഴുതിതള്ളുക,

· സ്വാമിനാഥന്‍ കമ്മീഷൻ നിര്‍ദ്ദേശിച്ച നിലയിൽ മിനിമം താങ്ങുവില പ്രഖ്യാപിക്കുക,

· വിദേശ നിക്ഷേപം അവസാനിപ്പിക്കുക,

· കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷൻ അനുവദിക്കുക,

· കൃഷിയിടങ്ങളിൽ വെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സിഐടിയു സെക്രട്ടറി എ ആർ സിന്ധു, കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, കെ കെ രാഗേഷ് എംപി, ജിതന്‍ ചൗധരി എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News