ആശങ്ക ഒഴിയാതെ മലയോരമേഖല; കോ‍ഴിക്കോട്, ഉരുള്‍പൊട്ടല്‍ സാധ്യത; കണ്ണൂരില്‍ താ‍ഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: തുടര്‍ച്ചയായ മഴയില്‍ ആശങ്ക ഒഴിയാതെ കോഴിക്കോടിന്റെ മലയോരമേഖല. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 13 ക്യാമ്പുകളിലായി 113 കുടുംബങ്ങളാണ് കഴിയുന്നത്. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ കണ്ണപ്പന്‍കുണ്ടും മണ്ണിടിച്ചില്‍ ഉണ്ടായ തമാരശ്ശേരി ചുരവും സന്ദര്‍ശിക്കും.
കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയിലാണ് മഴ നാശം വിതച്ചത്. പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇരുവഴിഞ്ഞി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.
ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഇതിനകം മാറ്റി പാര്‍പ്പിച്ചു. 13 ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. 113 കുടുംബങ്ങളില്‍  നിന്നുളള 381 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. താമരശ്ശേരി താലൂക്കില്‍ മാത്രം 7 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടിലും മറിപ്പുഴയിലും സെന്യത്തിന്റെ  സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദേശീയ ദുരന്ത നിവാരണ സേന ജില്ലിയില്‍ ക്യമ്പ് ചെയ്യുന്നു.
കനത്ത മഴയെ തുടര്‍ന്ന് താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍  പേരാമ്പ്ര ബാലുശേരി, മുക്കം, കുന്ദമംഗലം ഉപജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്നും അവധി നല്‍കി.
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിക്കുന്നത് രാത്രിയിലെ മഴയും സാഹചര്യങ്ങളും വിലയിരുത്തി വെള്ളിയാഴ്ച തീരുമാനിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. അതേസമയം ജില്ലയിലെത്തിയ കേന്ദ്രസംഘം കാലവര്‍ഷക്കെടുതികള്‍ നേരില്‍കണ്ടു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും 10 ദിവസത്തിനകം കേന്ദ്ര സര്‍ക്കാറിന്  റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘ തലവന്‍ ബി കെ ശ്രീവാസ്തവ അറിയിച്ചു.
കണ്ണൂർ : കനത്ത മഴയിലും പലയിടങ്ങളിലും ഉണ്ടായ ഉരുൾ പൊട്ടലിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശ നഷ്ടം.250 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇരിട്ടിയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യം രംഗത്തിറങ്ങി.
കണ്ണൂർ ജില്ലയിലെ ആറളം,കൊട്ടിയൂർ,കരിക്കോട്ടക്കരി,ഉളിക്കൽ,കാഞ്ഞിരക്കൊല്ലി,നടുവിൽ മണ്ടളം തുടങ്ങി 12 ഓളം സ്ഥലങ്ങളിലാണ് ഉരുൾ പൊട്ടിയത്.ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 250 ലധികം പേരെ മാറ്റി പാർപ്പിച്ചു.ഉരുൾ പൊട്ടലിന്റെ തുടർന്ന് തോടുകളും പുഴകളും കരകവിഞ് ഒഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ശ്രീകണ്ഠപുരം, വയത്തൂർ,കൊളാരി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.നുച്യാട് 56 വീടുകളും,കൊളാരി 10 വീടുകളും,വയത്തൂരിൽ 32 വീടുകളും വെള്ളത്തിലായി.മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു.പല വീടുകളും ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യം രംഗത്തിറങ്ങി.സൈന്യത്തിന്റെ മെഡിക്കൽ സംഘവും ഉരുൾ പൊട്ടൽ സാധ്യതയുള്ള മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.കണ്ണൂർ കേന്ദ്രമായ 122 പ്രാദേശിക സേനയിലെ  ജവാന്മാരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്.കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിൽ മുൻപില്ലാത്ത വിധമാണ് മഴക്കെടുത്തിയും കൃഷി നാശവും.
മലയോരത്തെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. കൊട്ടിയൂർ മാനന്തവാടി റോഡിൽ പാൽചുരത് മണ്ണിടിഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News