പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്സഭ അവിശ്വാസ പ്രമേയത്തിനും , രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനും വര്‍ഷകാല സമ്മേളനത്തില്‍ സാക്ഷിയായി.

ലോക്സഭയില്‍ ടിഡിപി കൊണ്ടുവന്ന അവിശ്വാസത്തെ മറികടക്കാനായതും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭാ ഉപാധ്യക്ഷനെ വിജയിപ്പിക്കാനായതും ബിജെപിക്ക് ആശ്വാസമായി. 21 ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്.

രാജ്യസഭ 14 ബില്ലുകൾ പാസ്സാക്കി. അതേസമയം റാഫേല്‍ വിഷയത്തില്‍ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും, രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞുടുപ്പിലും പ്രതിപക്ഷ ഐക്യം പൂര്‍ണമായും സാധ്യമാകാത്തത് പ്രതിപക്ഷ പാര്‍ട്ടികളുടെ വരും കാല ചര്‍ച്ചകളിലെ പ്രധാന വിഷയമാകും.

സുപ്രീംകോടതി വിധി മറികടക്കാന്‍ എസ് സി എസ്ടി വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമം തടയുന്ന ബില്‍ ഇരു സഭകളിലും ഐഖ്യകണ്‌ഠേന പാസായി. വിദേശ ഇന്ത്യക്കാര്‍ക്കും പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനാകുന്ന ബില്‍ രാജ്യസഭയില്‍ നടപ്പ് സമ്മേളനത്തില്‍ പാസായിരുന്നു.

എന്നാല്‍ ഇത് ലോക്സഭയില്‍ അവതരിപ്പിക്കാനായില്ല. അതേസമയം വിവാദമായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഭേദഗതികളോടെ രാജ്യസഭയില്‍ അവതരിപ്പിക്കാമെന്ന ബിജെപിയുടെ നീക്കം ഇത്തവണയും നടന്നില്ല.

സഭയില്‍ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടി ബില്‍ അടുത്ത സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ജൂലൈ 18 നാണ് സമ്മേളനം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel