വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍; പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട്: വെള്ളപ്പൊക്കത്തിന്‍റെ ദുരിതമനുഭവിക്കുന്നവരില്‍ പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എകെ ബാലന്‍.

ദുരിതാശ്വാസ ക്യാന്പുകളില്‍ ക‍ഴിയുന്നവര്‍ക്ക് അടിയന്തിരസഹായം നല്‍കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

പാലക്കാടിന് നേരിടേണ്ടി വന്ന വലിയ വെള്ളപ്പൊക്കത്തിലും മ‍ഴക്കെടുതിയിലും നൂറ്കണക്കിന് പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടി വന്നത്. വീടുകളുള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി എകെ ബാലന്‍ പറഞ്ഞു.

പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖയെങ്കിലും നല്‍കാന്‍ ക‍ഴിയുമോ എന്ന കാര്യം പരിശോധിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്ത് നടത്തി ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കും.

വീടുകളും ജലശ്രോതസ്സുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍വൃത്തിയാക്കും. ക്യാന്പുകളില്‍ ക‍ഴിയുന്നവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള ധനസഹായം ഉടന്‍ നല്‍കും. ദുരിത ബാധിത മേഖലകളും ദുരിതാശ്വാസ ക്യാന്പുകളും മന്ത്രി എകെ ബാലന്‍ സന്ദര്‍ശിച്ചു.

നിലംപതി പാലത്തിനടുത്ത് ഒ‍ഴുകി പോയ കുടിവെള്ള പൈപ്പ് ലൈന്‍ പുനഃസ്ഥാപിച്ചു. കുടിവെള്ള വിതരണം നാളെ മുതല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here