വായ്നാറ്റം; അറിയാം കാരണങ്ങളും പ്രതിവിധികളും

ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. അസഹനീയമായ വായ്നാറ്റം മൂലം പലപ്പോ‍ഴും പൊതു ഇടങ്ങളില്‍ നാണംകെട്ടു പോകുന്ന സ്ഥിതി. പലപ്പോ‍ഴും പല്ലുവൃത്തിയാക്കാത്തതു മാത്രമായിരിക്കില്ല വായ്നാറ്റത്തിന്‍റെ കാരണം.വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകനും സാധ്യതയുണ്ട്.

ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്.

വായ്‌നാറ്റം വരുന്ന വഴി

ദന്തരോഗങ്ങളില്‍ പ്രധാനപ്പെട്ടവായ്‌നാറ്റ ഹാലിടോസിസ് എന്നാണ്  സാങ്കേതികമായി അറിയപ്പെടുന്നത്. . ഉമിനീരിന്റെ അളവില്‍ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം.

തുടക്കത്തിലേ ചികിത്സിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്‌നാറ്റം. പല്ലുതേച്ചാല്‍ വായ്‌നാറ്റം അകറ്റി നിര്‍ത്താം. എന്നാല്‍ ചിലരില്‍ അല്‍പസമയത്തിന് ശേഷം വീണ്ടും വായ്‌നാറ്റം കടന്നുവരാം.

ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലന്‍. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്‌നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്‌നാറ്റം വരാനുള്ള കാരണങ്ങളാണ്.

വായയിലെ പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങള്‍. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞുനില്‍ക്കുക, തൊണ്ടയിലെയും ടോണ്‍സിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാണ്. കാന്‍സര്‍, വൃക്ക – കരള്‍ രോഗങ്ങളും വായ്‌നാറ്റത്തിനുള്ള കാരണമാണ്.

തിരിച്ചറിയാം

വായ്‌നാറ്റം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായവരോട് ചോദിച്ചറിയുകയാണ്. വായ്‌നാറ്റം സ്വയം തിരിച്ചറിയാനും മാര്‍ഗ്ഗങ്ങളുണ്ട്. വിരല്‍ നക്കിയ ശേഷം ഒന്നോ രണ്ടോ മിനുട്ട് വിരല്‍ ഉണക്കാന്‍ വിടുക. തുടര്‍ന്ന് മണത്ത് നോക്കിയാല്‍ വായ്‌നാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം.

വായ്‌നാറ്റം അകറ്റാന്‍

ഏറ്റവും കുറഞ്ഞത് ദിവസം രണ്ട്‌നേരം പല്ലുതേക്കണം. ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നത്ില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്‌സിഡന്റ്‌സിന് ശേഷിയുണ്ട്. മിന്റ്, ഗം എന്നിവയേക്കാള്‍ ശേഷിയുള്ളതാണ് ഗ്രീന്‍ ടീ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും. സലൈവ സൃഷ്ടിക്കുന്നതുവഴിയും ഗുണമുണ്ടാകും. എണ്ണ ദീര്‍ഘനേരം വായില്‍ സൂക്ഷിച്ച് വ്യായാമം നടത്തുന്നതും നല്ലതാണ്. സൂര്യകാന്തി എണ്ണയാണ് ഏറ്റവും ഉത്തമം എന്ന് ആയുര്‍വേദം പറയുന്നു. ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന മൗത്ത് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.

 നാടന്‍ മാര്‍ഗ്ഗങ്ങള്‍

ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്‌നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും. ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ പ്രധാന ചേരുവയാണ് പുതിന. ഭക്ഷണക്രമത്തില്‍ പുതിന ഉള്‍പ്പെടുത്തുന്നത് ശ്വാസത്തിന് പുതുമണം നല്‍കും. പുതിന ഇല ചവയ്ക്കുന്നതും പുതിന ചായ കുടിക്കുന്നതും നല്ലതാണ്.

മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ് ജീരകം. മദ്യത്തിന് രുചി നല്‍കാനും ജീരകം ഉപയോഗിക്കുന്നു. ജീരകത്തിലെ അനിതോള്‍ വാസനയും രുചിയും നല്‍കുന്നു. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്ക്കുള്ളതിനാല്‍ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്ക്കാം. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം.

ഭക്ഷണത്തിന് മണവും രുചിയും നല്‍കാന്‍ ഗ്രാമ്പുവിന് കഴിയും. പല്ല് വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയായ ഗ്രാമ്പൂവിന് വായ്‌നാറ്റം അകറ്റാന്‍ കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള ഗുണം കറുകപ്പട്ടയ്ക്കുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്ക്ക് ചായ കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്.

ഓറഞ്ച്, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഉമിനീര്‍ ഉത്പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ് അളവ് സന്തുലിതമാക്കി വായിലടിഞ്ഞ് കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുവഴി വായ്‌നാറ്റം അകറ്റാം. ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ് നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് മറയ്ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ വായ്‌നാറ്റം മാറും. വായ്‌നാറ്റം അകറ്റാന്‍ മല്ലി ഉപ്പ് ചേര്‍ത്ത് ചൂടാക്കിയും കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here