മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു മുംബൈ മലയാളി

മുംബൈ : ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മികച്ച രണ്ടാമത്തെ ചിത്രനുള്ള അവാർഡ് കൈപ്പറ്റിയ നിർമ്മാതാവ് മുരളി മാട്ടുമ്മലാണ് പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

‘ആംചി മുംബൈ’ സംഘടിപ്പിച്ച മയിൽ‌പ്പീലി കാവ്യാലാപന മത്സരവേദിയിൽ ‘ജന്മനാടിനു കൈത്താങ്ങ്’ എന്ന പ്രത്യേക ചടങ്ങിൽ വച്ചായിരുന്നു നടനും നിർമ്മാതാവുമായ മുരളി തന്റെ തീരുമാനം അറിയിച്ചത്.

ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. മുരളി മാട്ടുമ്മൽ നിർമ്മിച്ച ഏദൻ എന്ന ചിത്രം മൊത്തം നാല് അവാർഡുകളാണ് കരസ്ഥമാക്കിയത് . മഹാനടൻ മോഹൻലാലിൻറെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റു വാങ്ങിയ പുരസ്‍കാരം തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും, പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജന്മനാടിനെ സഹായിക്കുകയെന്ന സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടാണ് അവാർഡ് തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്നും മുരളി കൈരളി ന്യൂസിനോട് പറഞ്ഞു.

വേദിയിൽ മുരളിയോടൊപ്പം സാമൂഹിക പ്രവർത്തകനായ കൃഷ്ണൻകുട്ടി നായർ കൂടാതെ വിവിധ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി.

മകളുടെ വിവാഹത്തിന് അനാവശ്യ ചിലവുകളും ധൂർത്തും ഒഴിവാക്കാൻ തീരുമാനിച്ചു കേരളത്തിലെ നിർദ്ദനരായ 13 കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ ചെയ്തു കൊടുത്തു മാതൃകയായ വ്യക്തിയാണ് മുംബൈയിൽ ജോലി ചെയ്തു ജീവിക്കുന്ന കൃഷ്ണൻകുട്ടി നായർ.

ഇക്കഴിഞ്ഞ മാസം അമൃത ഹോസ്പിറ്റലിൽ ഡോ ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയശസ്ത്രക്രിയകളിലൂടെ പാവപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് പുതുജീവൻ സമ്മാനിച്ചത്.

മുംബൈയിലെ വിവിധ മലയാളി സംഘടനകൾ, വ്യക്തികൾ കൂടാതെ മലയാളി ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങളും പിറന്ന നാടിന് സ്വാന്തനമേകാൻ മുന്നോട്ട് വന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News