കോഴിക്കോട് ജില്ലയില്‍ മാത്രം കാലവര്‍ഷക്കെടുതിയില്‍ 228 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്

കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 228 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ജില്ലയില്‍ 92 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, 2577 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം റവന്യുമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താന്‍ കോഴിക്കോടെത്തിയ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ കണ്ണപ്പന്‍കുണ്ട് സന്ദര്‍ശിച്ചു. ദുരിതബാധിതര്‍ കഴിയുന്ന മൈലളളാംപാറ, മണല്‍വയല്‍ സ്‌കൂളുകളിലെ ക്യാമ്പുകളിലെത്തിയ മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജോര്‍ജ് എം തോമസ് എം എല്‍ എ, ജില്ലാ കളക്ടര്‍ യു വി ജോസ് എന്നിവരും മന്ത്രിക്കൊപ്പം എത്തി.

തുര്‍ന്ന് കോഴിക്കോട് കളക്ടറേറ്റില്‍ റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുളള യോഗം ചേര്‍ന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലുമായി ജില്ലയില്‍ 17 വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്. 131 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ പറ്റി.

ജൂണ്‍ മുതലുളള കണക്കനുസരിച്ച് കോഴിക്കോട് ജില്ലയില്‍ 228 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് കൂടി വരുമ്പോള്‍ നഷ്ടം വര്‍ധിക്കുമെന്ന് യോഗശേഷം മന്ത്രി അറിയിച്ചു.

വയനാട്ടിലേത് ഏറ്റവും വലിയ ദുരന്തമാണെന്നും ദുരിതബാധിതര്‍ക്ക് പരമാവധി സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ നിലവില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 293 കുടുംബങ്ങിലെ 1028 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News