ഐക്യവും പ്രതിരോധവും ഈ കാലം ആവശ്യപ്പെടുന്നു, നമുക്ക്  കൈകോർക്കാം; അശോകൻ ചരുവിൽ

പു ക സാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനോട് ഫെയ്സ് ബുക് കുറിപ്പിലൂടെയാണ് അശോകൻ ചരുവിൽ പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം:

“സുഹൃത്തുക്കളെ,

കഴിഞ്ഞ ദിവസം നടന്ന പു ക സ സ്റ്റേറ്റ് കൺവെൻഷൻ എന്നെ അതിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുകയാണ്.

വളരെ നേരത്തേ നിശ്ചയിച്ച ഒരു പരിപാടിയുടെ ഭാഗമായി ഞാൻ വിദേശയാത്രയിൽ ആയതു കൊണ്ട് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ അഭാവത്തിലും ഈ വലിയ ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കാൻ തയ്യാറായ കൺവെൻഷന് ഞാൻ നന്ദി പറയുന്നു.

ചുമതല ഏറ്റെടുക്കണമെന്ന് പു ക സ നേതാക്കൾ മെസേജുകളിലൂടെ ആവശ്യപ്പെട്ടപ്പോൾ സംഘാടകൻ എന്ന നിലക്കുള്ള എന്റെ അപ്രാപ്തി ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു.

മോശപ്പെട്ട ഒരു സംഘാടകൻ ആണ് ഞാൻ എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിട്ടും ഇത് എന്തുകൊണ്ട് ഏറ്റെടുത്തു എന്നു ചോദിച്ചാൽ സംഘത്തിന്റെ പ്രവർത്തകരിലും കൂട്ടായ നേതൃത്തത്തിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നതു തന്നെ കാരണം. ഏതാണ്ട് നാൽപ്പതു കൊല്ലമായി നമ്മൾ ഒന്നിച്ചുണ്ടല്ലോ. പരസ്പരം അറിയാം.

ഈ സന്ദർഭത്തിൽ എന്നെ പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയ പ്രിയപ്പെട്ട സഖാവ് എം.എൻ.കുറുപ്പ് എന്റെ സ്മരണയിൽ വരുന്നു.

സ്നേഹവും ലളിതജീവിതവും അനാരോഗ്യത്തെ അവഗണിച്ചുള്ള ത്യാഗസന്നദ്ധതയും കൊണ്ട് സംഘടനയെ വിജയകരമായി നയിച്ച പ്രൊ.വി.എൻ.മുരളി മാഷ്ക്ക് ശേഷമാണ് ചുമതല എന്നിലേക്ക് വരുന്നത് എന്നതിൽ എനിക്ക് കുറച്ച് പരിഭ്രമമുണ്ട്. മാഷ് നേതൃത്തത്തിൽ കൂടെയുണ്ടല്ലോ എന്ന ആശ്വാസവും ഉണ്ട്.

എഴുത്തുകാരുടെ കൂട്ടത്തിലെ മികച്ച സംഘാടകർ പു ക സ യെ പല സന്ദർഭത്തിലും നയിച്ചിട്ടുണ്ട്. പക്ഷേ ഒരാളുടെ സംഘടനാ മികവല്ല ഇതപര്യന്തം പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ നയിച്ചിട്ടുള്ളത് എന്ന തിരിച്ചറിവ് എനിക്കുണ്ട്. കാലത്തിന്റെ ആവശ്യമാണ് ഒരോ ഘട്ടത്തിലും പ്രസ്ഥാനത്തെ ഉണർത്തിയിട്ടുള്ളത്. (അത്ര അത്യന്താപേക്ഷിതമല്ലാത്ത കാലങ്ങളിൽ അതു തളർന്നിട്ടുമുണ്ട്.) ലക്നൗ കോൺഗ്രസ്സ് സമ്മേളനപ്പന്തൽ മുതൽ ഇന്നുവരെയുള്ള ചരിത്രം അത് ഓർമ്മിപ്പിക്കുന്നു. എന്തുകൊണ്ട് ആഖ്യാന കലയുടെ മഹാ മാന്ത്രികൻ മുൻഷി പ്രേംചന്ദ് തന്റെ എഴുത്തുമുറിയിൽ നിന്ന് ഇറങ്ങി വന്ന് സംഘടനാ ചുമതല ഏറ്റെടുത്തു? എന്തുകൊണ്ട് കഥയെഴുത്ത് വിട്ട് നമ്മുടെ പൊൻകുന്നം വർക്കി സംഘാടകനായി കേരളത്തിൽ അലഞ്ഞു? ചരിത്രം കൃത്യമായി മറുപടി തരുന്നുണ്ട്.

സ്വാതന്ത്ര്യ സമര കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. ഇന്ത്യ ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള എല്ലാ സാധ്യതകൾക്കും നേരെയാണ് സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടിട്ടുള്ളത്. ആഗോള മൂലധനവും അതിന്റെ കയ്യാളുകളായ വർഗ്ഗീയ രാഷ്ട്രീയവും ഇന്ന് മുഖ്യമായി ഭയപ്പെടുന്നത് എഴുത്തിനെയും മറ്റ്‌ കലാ ആവിഷ്ക്കാരങ്ങളേയുമാണ്. മഹാന്മാരായ നിരവധി സർഗ്ഗപ്രതിഭകളെ അവർ ഇതിനകം കൊലപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ അധികാരം കൈപ്പിടിയിൽ എത്തിയിട്ടും കലയും സാഹിത്യവും ഇനിയും തങ്ങൾക്ക് മെരുങ്ങുന്നില്ല എന്നതിൽ ആർ.എസ്.എസ്. നേതൃത്തം അസ്വസ്ഥരാണ്. എഴുത്ത് എന്ന പ്രക്രിയയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ആക്രമണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. പാഞ്ചാലി വസ്ത്രാക്ഷേപം ആവിഷ്ക്കരിച്ചതിന്റെ പേരിൽ വ്യാസൻ കുറ്റക്കാരനാവുന്ന കാലം.

സ്വാതന്ത്യ സമര കാലത്തുണ്ടായതുപോലെ ജനാധിപത്യ ശക്തികളുടെ മഹത്തായ ഐക്യവും പ്രതിരോധവും ഈ കാലം ആവശ്യപ്പെടുന്നു. കാലം ആവശ്യപ്പെടുന്ന പ്രതിരോധത്തിന്റെ മഹാപ്രവാഹത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സംഘടനാപരമായ അപ്രാപ്തി തള്ളിപ്പോകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നുറു നുറു സാംസ്കാരിക സംഘാടകർ കേരളത്തിന്റെ നഗര, ഗ്രാമ മേഖലകളിൽ ഉയർന്നു വന്ന് എന്റെ കുറവ് പരിഹരിക്കും എന്നെനിക്ക് ഉറപ്പുണ്ട്.

നമുക്ക് ഒന്നിച്ച് കൈകോർക്കാം.

അഭിവാദ്യങ്ങളോടെ,
അശോകൻ ചരുവിൽ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News