വരുന്നു കറന്‍സിയിലും ചൈനീസ് ടച്ച്; ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ?

ന്യൂഡൽഹി: വരുന്നു കറന്‍സിയിലും ഇന്ത്യന്‍ ടച്ച്. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.

ചൈനീസ് മാധ്യമങ്ങള്‍ ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, നേപ്പാൾ, തായ്‌ലൻഡ്, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കറന്‍സി ചൈനയില്‍ നിന്നും അച്ചടിക്കുന്നുണ്ട്.

ഇവര്‍ക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറൻസി അച്ചടിക്കാൻ ചൈനയ്ക്കു കരാർ നൽകിയെന്നാണ് റിപ്പോർട്ട്. ലോകത്തില്‍ ഏറ്റവുമധികം അച്ചടിച്ച കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.

സർക്കാർ ഈ വർഷം പതിവിലും ഉയർന്ന ‘ക്വോട്ട’ നിശ്ചയിച്ചിട്ടും രാജ്യത്തെ എല്ലാ അച്ചടി കേന്ദ്രങ്ങളും പൂർണ തോതിലാണു പ്രവർത്തിക്കുന്നതെന്ന് ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ചൈന രാജ്യത്ത് അച്ചടിക്കുന്ന നോട്ടുകളില്‍ ചൈനയുടേതായ കറൻസികൾ തീർത്തും കുറവാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

രാജ്യത്തെ കറന്‍സി അച്ചടി കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ക്വോട്ട നിശ്ചയിച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നോട്ട് അച്ചടിക്കാൻ കരാര്‍ ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ വ്യക്തമാക്കി.

രാജ്യത്തിന്‍റെ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന അതീവ ഗുരുതര വിഷയമാണിതെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‍ലി, പിയൂഷ് ഗോയൽ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റിൽ ടാഗും ചെയ്തിട്ടുണ്ട്.

ചൈനയിൽ ഇന്ത്യൻ കറൻസികൾ അച്ചടിച്ചാൽ, കള്ളനോട്ടുകൾ അച്ചടിക്കാൻ പാക്കിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News