ആഘോഷങ്ങൾ ഒഴിവാക്കി ജന്മനാടിന് സഹായഹസ്തവുമായി മുംബൈ മലയാളി സമൂഹം; ആശ്വാസമേകാൻ മന്ത്രി ഏക്നാഥ് ഷിൻഡെയും

മുംബൈ: മുംബൈ: ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിൽ വലയുന്ന കേരളത്തിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം. കാലവര്‍ഷം കലിതുള്ളി ആര്‍ത്തിരമ്പിയതോടെ ദുരിതത്തിലായ ജന്മനാടിനു കൈത്താങ്ങാവുകയാണ് മറുനാട്ടിലെ മലയാളികൾ

കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് പ്രതിനിധികൾ ഒരു ലക്ഷം രൂപയോളം പ്രളയക്കെടുതിയിൽ വലയുന്നവരെ സഹായിക്കുന്നതിനായി വാഗ്ദാനം ചെയ്തു. സുമനസുകളിൽ നിന്നും കൂടുതൽ തുക സംഭരിച്ചു നൽകുവാനുള്ള ശ്രമത്തിലാണ് മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികളെന്നു സാമൂഹിക പ്രവർത്തകനായ സി പി ബാബു അറിയിച്ചു.

ശ്രീനാരായണ മന്ദിര സമിതി, ആത്മ താനെ തുടങ്ങി നിരവധി മലയാളി സംഘടനകൾ സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ മന്ദിര സമിതിയുടെ ആദ്യ ഗഡുവായ 2 ലക്ഷം രൂപ കഴിഞ്ഞ ദിവസം മുംബൈ സന്ദർശിച്ച മുൻ മന്ത്രി എം എ ബേബിക്ക് കൈമാറി. കൂടുതൽ സഹായങ്ങൾ എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് സമിതി അംഗങ്ങളെന്ന് ചെയർമാൻ എം ഐ ദാമോദരനും ജനറൽ സെക്രട്ടറി എൻ എസ് സലിംകുമാറും അറിയിച്ചു.

ശിവസേന നേതാവും പൊതുമരാമത്തു മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 2000 ഫാമിലി കിറ്റുകളും, കേരളീയ കേന്ദ്ര സംഘടനയുടെ മേൽനോട്ടത്തിൽ 1000 ഫാമിലി കിറ്റുകളുമാണ് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മുംബൈയിൽ നിന്നും അയക്കുന്നത്.

പൻവേൽ മലയാളി സമാജം ഓണത്തിന്റെ പ്രധാന ആഘോഷ പരിപാടികൾ മാറ്റി വച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. കൂടാതെ സുമനസുകളിൽ നിന്നും ഏകദേശം 10 ലക്ഷത്തോളം സമാഹരിച്ചു നൽകാനാണ് പദ്ധതിയെന്ന് ചുമതല വഹിക്കുന്ന സതീഷ് കുമാർ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന സമാജങ്ങളിൽ പ്രഥമ സ്ഥാനമാണ് പൻവേൽ മലയാളി സമാജത്തിനുള്ളത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ ടി എൻ ഹരിഹരനാണ് സമാജം പ്രസിഡന്റ്.

ഓണാഘോഷ പരിപാടികൾ റദ്ദാക്കിയാണ് കേരളത്തിന് കൈത്താങ്ങാകാൻ കെ ആൻഡ് കെ സോഷ്യൽ ഫൌണ്ടേഷൻ തീരുമാനിച്ചത്. കൂടാതെ മുംബൈയിലെ കോർപ്പറേറ്റ് കമ്പനികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ ധനസഹായം കേരളത്തിന് നൽകുവാനുള്ള തയ്യാറെടുപ്പിലാണ് ഫൌണ്ടേഷൻ ചെയർമാൻ പ്രിൻസ് വൈദ്യൻ. മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് ലോക കേരള സഭാംഗം കൂടിയായ പ്രിൻസ് വൈദ്യൻ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നത്.

മലയാളി ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളും ജന്മനാടിന്റെ കണ്ണീരൊപ്പാൻ മുന്നോട്ട് വന്നിട്ടുണ്ട്. മുംബൈയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സീസാഗയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എം കെ നവാസ് പറഞ്ഞു. സാമൂഹിക പ്രവർത്തകൻ കൂടിയായ നവാസ് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി കൂടിയാണ്.

പ്രളയക്കെടുതിയിൽ പകച്ചു നിൽക്കുന്ന ജന്മനാടിന് സ്വാന്തനമേകാൻ ആംചി മുംബൈ സംഘടിപ്പിച്ച ‘ജന്മനാടിനു കൈത്താങ്ങ്’ എന്ന പ്രത്യേക പരിപാടിയിൽ നടനും നിർമ്മാതാവുമായ മുരളി തന്റെ അവാർഡ് തുകയായ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി.

ചടങ്ങിൽ ഉല്ലാസനഗറിൽ സാമൂഹിക പ്രവർത്തകനായ കൃഷ്ണൻകുട്ടി നായർ കൂടാതെ പ്രദേശത്തെ വിവിധ മലയാളി സംഘടനകളും മഴക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചെക്കുകൾ മുംബൈയിലെ ലോകസംഭംഗങ്ങൾ വഴിയോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ചെക്ക്/ ഡ്രാഫ്റ്റ് എന്നിവ ബന്ധപ്പെട്ട ലോക കേരള സഭ അംഗങ്ങൾക്കോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കാവുന്നതാണ് . ഈ സംഭാവനകൾക്ക് 80G(2) (iii hf) of the Income-Tax Act, 1961 പ്രകാരം 100 % നികുതി ഇളവ് ലഭിക്കുന്നതായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പണം ഓണ്‍ലൈനായി നൽകുന്നതിന് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

Chief Minister’s Distress Relief Fund
Bank A/c No. 67319948232
State Bank of India, City Branch, Thiruvananthapuram
IFS Code: SBIN0070028

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here