ഒമ്പതുപതിറ്റാണ്ടുകള്‍ക്കുള്ളിലെ വലിയ മ‍ഴക്കെടുതി; ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി

മ‍ഴക്കെടുതിയിൽ ഒന്നിച്ചു നീങ്ങണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രാഥമികമായി മ‍ഴക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമാണുള്ളത്.

38 പേര്‍ മരണപ്പെട്ടു. 27 ഡാമുകള്‍ തുറന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനം നേരിടുന്നത്. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തി.

1924-നുശേഷം കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്.

പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. 38 പേര്‍ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു.

20,000-ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകർന്നു. 439 ദുരിതാശ്വാസ ക്യാമ്പുകള്‍ . 215 ഇടങ്ങളില്‍ ഉരുള്‍ പൊട്ടൽ. 27 ഡാമുകള്‍ തുറന്ന അസാധാരണ സാഹചര്യം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നഷ്ടത്തിന്‍റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആ‍വശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ വീട് പൂർണമായും തകർന്നവർക്ക് 4 ലക്ഷം രൂപ വീതവും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3 മുതല്‍ 5 വരെ സെന്‍റ് സ്ഥലം വാങ്ങുന്നതിനായി 6 ലക്ഷം രൂപയും സർക്കാർ നൽകും.

സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും.

നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ നടത്തും.

ഒപ്പം സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെ രൂപികരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കേന്ദ്രത്തിന്‍റെതുൾപ്പെടെയുള്ള എല്ലാവരുടെയും അടിയന്തര സഹായത്തിന് മുഖ്യമന്ത്രി നന്ദിയും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here