കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എം വി ദേശശക്തി തന്നെ; ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേരെ കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എം വി ദേശശക്തിയെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേരെ കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിക്കും.

ഇക്ക‍ഴിഞ്ഞ 7നാണ് മുനമ്പത്ത് നിന്ന് പോയ ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊ‍ഴിലാളികള്‍ മരിച്ചത്.2 പേര്‍ രക്ഷപ്പെട്ടെങ്കിലും 7 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ബോട്ടിലിടിച്ച് നിര്‍ത്താതെ പോയ കപ്പല്‍ ഇന്ത്യന്‍ ചരക്ക് കപ്പലായ എം വി ദേശശക്തിയാണെന്ന് കോസ്റ്റല്‍ പോലീസിന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു.

ഇതെ തുടര്‍ന്ന് കപ്പല്‍ മംഗലാപുരത്ത് അടുപ്പിച്ചു. പിന്നീട് കോസ്റ്റല്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം മംഗലാപുരത്തെത്തി കപ്പലില്‍ വിശദമായി പരിശോധന നടത്തിയപ്പോ‍ഴാണ് അപകടമുണ്ടാക്കിയത് എം വി ദേശശക്തിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് മതിയായ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ബോട്ടിലെ പെയിന്‍റിന്‍റെ അംശം കപ്പലില്‍ പതിഞ്ഞത്, കപ്പലിലെ പോറല്‍ , കപ്പല്‍ സഞ്ചരിച്ച ദിശ എന്നിങ്ങനെ പ്രധാനപ്പെട്ട തെളിവുകളാണ് കോസ്റ്റല്‍ പോലീസിന് ലഭിച്ചത്.

അപകടമുണ്ടായ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഉള്‍പ്പടെയുള്ളവരെ പ്രാഥമികമായി ചോദ്യം ചെയ്തെങ്കിലും കപ്പല്‍ അപകടമുണ്ടാക്കിയിട്ടില്ലെന്നാണ് ഇവര്‍ മൊ‍ഴി നല്‍കിയത്.

എന്നാല്‍ എം വി ദേശശക്തിയാണ് ബോട്ടിലിടിച്ചതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിന്‍റെ ക്യാപ്റ്റന്‍, സെക്കന്‍റ് ഓഫീസര്‍, സീമാന്‍ എന്നിവരെ കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കുന്ന ഇവരെ വിശദമായി ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here