ഓണം രാഷ്ട്രീയത്തിലും കമ്പോളത്തിലും ബ്രാന്‍റ് ചെയ്യപ്പെടുമ്പോള്‍

മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ… ഓണം മലയാളികളുടെ, കേരളീയരുടെ ആഘോഷമാണ്.

എെതിഹിയങ്ങളില്‍ ഒരുപാട് വിശദീകരണങ്ങളുണ്ടെങ്കിലും നമ്മളേറ്റവും കൂടുതല്‍ കേട്ടും പറഞ്ഞും പരിചയിച്ചത് പ്രജാസ്നേഹിയായ മഹാബലിയുടെ വീരകഥകള്‍ തന്നെയാണ്. സമ്പന്നവും സമൃദ്ധവുമായ ഒരു ഇന്നലെ നമ്മുടെ കേരളത്തിനുണ്ടായിരുന്നുവെന്നതാണ്.

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌.

ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.

കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.

ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി.

ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു.

മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി.

ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

എെതിഹ്യങ്ങള്‍ക്കുമപ്പുറം ഓണം ഇന്ന് കമ്പോളത്തില്‍ പ്രമുഖ ബ്രാന്‍റുകള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റ‍ഴിക്കാനുള്ള ഒരു സീസണാണ്.

ഒരുമയുടേയും ഒത്തുചേരലിന്‍റെയും ആഘോഷമായിരുന്നു പോയ നാളിലെ ഓണക്കാലങ്ങള്‍. തൊടികളിലാകെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളിറുത്ത് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയതൊക്കെ ഓര്‍മ്മകള്‍ മാത്രമാണിന്ന്.

തിരക്കുകള്‍ക്കൊപ്പം ഓടിത്തുടങ്ങിയ മലയാളിക്ക് ഒപ്പമെത്താന്‍ ക‍ഴിയാതായപ്പോള്‍ വീട്ടുപറമ്പിലെ കാശിത്തുമ്പയും മുക്കുറ്റിയും ശീപോതിയും വാടാമല്ലിയുമൊക്കെ കളത്തിന് പുറത്തായി.

കളം നിറയെ പൂക്കള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നും വണ്ടി കയറിയെത്തി. ഇന്ന് വീട്ടുമുറ്റത്തെ പൂക്കളങ്ങള്‍ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയുടെ കൂടി അടയാളങ്ങളായി പരിണയിച്ചിരിക്കുന്നു.

പോക്കുവെയിലേറ്റു വിരിഞ്ഞ പൂക്കളല്ല വേണ്ടുവോളം വ‍‍ളമിട്ട് വിരിയിച്ച പൂക്കളങ്ങളാണിന്ന് കളങ്ങള്‍ നിറയെ.

വീട്ടിലിലയിട്ട് വിളമ്പുന്ന ഓണത്തെക്കാള്‍ ഇന്നത്തെ ബാല്ല്യം ഉണ്ടിട്ടുണ്ടാവുക കാശുകൊടുത്തു വിളമ്പിയ ഓണങ്ങളാണ്.

ഒരുവശത്ത് ഇങ്ങനെയാണെങ്കില്‍ മറുവശത്ത് രാഷ്ട്രീയമായും ഓണം ഉപയോഗിക്കപ്പെടുകയാണ്.

അസുരരാജാവായ മഹബലിയെയല്ല മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനനെയാണ് ഓര്‍ക്കപ്പെടേണ്ടതെന്ന് സംഘപരിവാരം പറയുമ്പോള്‍ കേരളീയ ബോധത്തിനപ്പുറം കടന്ന് ഒരു സവര്‍ണ്ണ ഹിന്ദുബോധത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയാണവര്‍.

ഓണം ആഘോഷിക്കപ്പെടണം സവര്‍ണ്ണ ബോധത്തിനും മതചിന്തകള്‍ക്കുമപ്പുറം സാമ്പത്തിക അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ ആഘോഷമായി കാലം അത് ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News