കേരളം പ്രളയ ഭീതിയില്‍; അതീവജാഗ്രതാ നിര്‍ദേശം; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്; ഇന്ന് സംസ്ഥാനത്ത് 25 മരണം; കനത്ത മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ശക്തമായ കാറ്റിനും സാധ്യത

കൊച്ചി : കേരളം പ്രളയ ഭീതിയില്‍. കനത്തമ‍ഴയിലും ഉരുള്‍ പൊട്ടലിലും ഇന്ന് സംസ്ഥാനത്ത് 22 മരണം. കനത്ത മ‍ഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്‍റെ മലയോര ഗ്രാമങ്ങളില്‍ വ്യാപക ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായി. പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ശനിയാ‍ഴ്ചവരെ കനത്ത മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കൂടുതല്‍ സേനയെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാ‍ഴ്ച്ചവരെ അടച്ചിട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി ജലനിരപ്പില്‍. ജലനിരപ്പ് 142 അടിയില്‍. സ്പില്‍വേ ഷട്ടറുകളും തുറന്നു. ഇടുക്കി അണക്കെട്ടില്‍ തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിച്ചു. െപരിയാറില്‍ ജലനിരപ്പുയര്‍ന്നു; ഭാരതപ്പു‍ഴ കരകവിഞ്ഞൊ‍ഴുകുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനാവിഭാഗങ്ങളുടെ സഹായം കൂടുതലായി ലഭിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം നേരിടുന്ന ഈ ദുരന്തത്തെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തി അതിജീവിക്കാന്‍ കഴിയണമെന്നും സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ കണമല, എയ്ഞ്ചൽവാലി, മൂക്കം പെട്ടി പ്രദേശങ്ങളിൽ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കണമല ഭാഗത്ത് എട്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിൽ ഒഴുക്ക് കൂടുതലായതിനാൽ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്തുന്നതിൽ പരിമിതിയുണ്ട്.

രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്. വല്യേന്ത, മൂപ്പൻ മല പ്രദേശത്ത് വീണ്ടും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിൽ ജോസ് കണിയാരശ്ശേരിയിലിന്റെ വീട് ഒറ്റപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരകേണ്ട സാഹചര്യങ്ങളിലെന്നും ഫയർഫോഴ്സ് ,റവന്യു അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും തഹസിൽദാർ ജോസ് ജോർജ് പറഞ്ഞു.

സംസ്ഥാനം അഭിമുഖീകരിക്കുന്ന മഴക്കാലക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അഭ്യർത്ഥിച്ചു.

അതോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രംഗത്തിറങ്ങാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശം നൽകി.പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം

ഉദ്യോഗസ്ഥർ അടിയന്തരമായി ഓഫീസിലെത്തണം

തിരുവനന്തപുരം ജില്ലയിലെ വില്ലേജ്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. പഞ്ചായത്ത് / നഗരസഭ / കോർപറേഷൻ സെക്രട്ടറിമാര്‍ ഓഫീസുകളില്‍ അടിയന്തരമായി എത്തണo. ഇവർ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം.

മുന്നറിയിപ്പുകള്‍

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News