സംസ്ഥാനത്ത് തുടരുന്ന പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ.വിജയരാഘവന്‍; കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകണം

തിരുവനന്തപുരം: സംസ്ഥാനമാകെ നാശം വിതച്ച് അതീവ ഗൗരവതരമായി തുടരുന്ന പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനം ഒരു നൂറ്റാണ്ടിനിടയില്‍ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വന്‍ കെടുതിയാണിപ്പോള്‍ നേരിടുന്നത്. മെയ് 29 മുതല്‍ വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 256 പേര്‍ മരിച്ചു. വ്യാഴാഴ്ചയും നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്.

പതിനായിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കിടപ്പാടംപോലും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തുക ചെലവഴിക്കേണ്ടി വരും.

പലര്‍ക്കും ജീവനോപാധികള്‍ നഷ്ടപ്പെട്ടു. കൃഷിനാശം കര്‍ഷകരെയാകെ വലച്ചിരിക്കുകയാണ്. ഏകവരുമാനമാര്‍ഗ്ഗമായ വളര്‍ത്തുമൃഗങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലാണ്.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും ദുരിതാശ്വാസ ക്യാമ്പുകള്‍ കാര്യക്ഷമമായി നടത്താനും കെടുതിയില്‍പ്പെട്ടവരെ പുനരധിവാസിപ്പിക്കാനുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ സഹായത്തോടെ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്തുവരികയാണ്.

ഇതിനെല്ലാം വന്‍സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാന സര്‍ക്കാരിന് വഹിക്കേണ്ടിവരുന്നത്. ഉദാരമനസ്‌കരായ നിരവധിയാളുകള്‍ കേരളത്തിനകത്തും പുറത്തുനിന്നും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കൂടി അകമഴിഞ്ഞ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്തിന് ഈ ദുരന്തത്തെ അതിജീവിക്കാനാകൂ. അതിനായി അടിയന്തിരമായും കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകണം.

റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുന്നതിന് പ്രത്യേക കേന്ദ്രവിഹിതം സൗജന്യമായി അനുവദിക്കണം. ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News