മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി ഇടപെടല്‍; ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിഗണിക്കണം; കേരളത്തിലെ ഇപ്പോഴത്തെ പ്രളയം അത്യന്തം ഗൗരവതരം

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 139 അടി താഴ്ത്തിക്കൂടെയെന്ന് സുപ്രീംകോടതി.

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. കേസ് നാളെ പരിഗണിക്കും.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രജലകമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനമായത്.

ജലനിരപ്പ് 140 അടിയില്‍ താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നിരാകരിച്ചതിന് തൊട്ടുപിന്നാലെയാണ് കേരളത്തിന് ആശ്വാസമായി സുപ്രീംകോടതിയുടെ പരാമര്‍ശം.

കേസ് നാളെ പരിഗണിക്കുന്നതിന് മുന്‍പായി മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ സബ്കമ്മിറ്റിയും ജലകമ്മീഷന്‍ യോഗം ചേരുകയും വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

യോഗതീരുമാനം ഉടന്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ പ്ലാന്‍ എന്താണെന്ന് ഈ യോഗത്തിന് ശേഷം പ്രസിദ്ധീകരിച്ചേക്കും.

കേസ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് പരിഗണിക്കും മുന്‍പ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സുപ്രീംകോടതി അനുകൂല നിലപാടിലാണ്.

കേരളത്തിലെ ഇപ്പോഴത്തെ പ്രളയം അത്യന്തം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. ജലനിരപ്പ് സംബന്ധിച്ച് തത്സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

142 ല്‍ നിന്ന് ജലനിരപ്പ് താഴ്ത്തരുതെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച തമിഴനാടിന് സുപ്രീംകോടതി നിരീക്ഷണം ആശ്വാസകരമല്ല.

എന്നാല്‍ കാലവര്‍ഷക്കെടുതി രൂക്ഷമായ കേരളത്തിന് സുപ്രീംകോടതി നിരീക്ഷണം ആശ്വാസമാണ്. ഇടുക്കി സ്വദേശി റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി കേസ് അടിയന്തിരമായി പരിഗണിച്ചത്.

നേരത്തെ രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചിലാണ് കേസ് എത്തിയതെങ്കിലും അടിയന്തിര പ്രാധാന്യം നല്‍കേണ്ട കേസായതിനാല്‍ ചീഫ് ജസ്റ്റിസിന്റെ കോടതി കേസ് പരിഗണിക്കുകയായിരുന്നു.

ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴ്ത്തണമെന്ന് ഇന്നലെ പിണറായി വിജയന്‍
ആവശ്യപ്പെട്ടിരുന്നു.

അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News