പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; തിരുവനന്തപുരം നഗരത്തിലും വെള്ളപ്പൊക്കത്തിന് സാധ്യത

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മന്ത്രിയുടെ വാക്കുകള്‍:

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ തിരുവനന്തപുരം നഗരത്തില്‍
വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നീരൊഴുക്കും മഴയും കുറഞ്ഞതിനെത്തുടര്‍ന്നു ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നെങ്കിലും ഇന്നു ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് 1.8 മീറ്ററാക്കി കൂട്ടിയിട്ടുണ്ട്.

ഇതേത്തുടര്‍ന്നു നഗരത്തിലെ താണ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ജില്ലയില്‍ ഇന്നും ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെന്നു റെവന്യൂ അധികൃതര്‍ അഭ്യര്‍ഥിച്ചാല്‍ ആളുകള്‍ അതിനോടു
സഹകരിക്കണം.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ പൊലീസ് അധികൃതര്‍ക്കു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി. മഴ അവസാനിക്കുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരം ഒഴിവാക്കാന്‍ ഡി.ടി.പി.സിക്കു നിര്‍ദേശം നല്‍കി.

ക്രെയിന്‍, മണ്ണുമാന്ത്രി യന്ത്രങ്ങള്‍ തുടങ്ങിയവ ആവശ്യമായി വന്നാല്‍ വിന്യസിക്കാന്‍ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.

കെ.എസ്.ഇ.ബിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തര റിപ്പയര്‍ സംഘങ്ങള്‍ സജ്ജമാണ്. ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായി തുറക്കേണ്ടി വന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും
നിര്‍ദേശം നല്‍കി.

കെട്ടിടങ്ങളുടെ താക്കോല്‍ ഇവര്‍ കൈവശംവയ്ക്കണം. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നില്‍ക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുതുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു.

സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാന്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടങ്ങളിലുണ്ടാകണം. താലൂക്ക് തലത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമിനെയും തയാറാക്കി നിര്‍ത്തണം.

ജില്ലയിലെ ആറു താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയര്‍, 10 ലിറ്റര്‍ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ കരുതിവയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. ജനങ്ങളെ ഒഴിപ്പിക്കേണ്ട ആവശ്യം വന്നാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തയാറാക്കി നിര്‍ത്തണം.

നാളെ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കായലിലെ മത്സ്യബന്ധനവും ഒഴിവാക്കണം. ജില്ലയിലെ പൊതുയോഗങ്ങളും പൊതുജന സംഗമങ്ങളും നാളെ വരെ നിരോധിച്ചു.

പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ മേഖലയിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും കളക്ടര്‍
അഭ്യര്‍ഥിച്ചു.

ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News