പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ; 28000 പേർ ക്യാമ്പുകളിൽ; കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ . 28000 പേർ ക്യാമ്പുകളിൽ
കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു. പ്രളയക്കെടുതിയിൽ പെട്ടവരെ മാറ്റി പാർപ്പിക്കുന്ന 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000 ത്തോളം പേർ കഴിയുന്നു.

കോഴഞ്ചേരി തിരുവല്ല താലൂക്കുകളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് പുതിയ ക്യാമ്പുകൾ തുറന്ന് വരികയാണ്. തിരുവല്ലയിൽ 141 ക്യാമ്പുകളും കോഴഞ്ചേരിയിൽ 42 ഉം റാന്നിയിൽ 15 ഉം മല്ലപ്പള്ളിയിൽ 24 ഉം കോന്നിയിൽ 23 ഉം അടൂരിൽ 17 ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

ഇതിന് പുറമേ ബോട്ടുകളിലും വ്യോമമാർഗവും ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് തിരുവല്ല കോഴഞ്ചേരി താലൂക്കുകളിലെ ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുറന്ന് വരുന്നു.

ജില്ലയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും അഞ്ച് ട്രക്കുകളിൽ ഭക്ഷണസാധനങ്ങൾ ഉടനെത്തും. നിലവിൽ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലുമെത്തിയിട്ടുള്ള ഭക്ഷണസാധനങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.

അടൂരിൽ 1240 പേരും കോന്നിയിൽ 1208 പേരും മല്ലപ്പള്ളിയിൽ 954 പേരും റാന്നിയിൽ 1200 പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. തിരുവല്ലയിലും കോഴഞ്ചേരിയിലും ക്യാമ്പുകളിൽ കഴിയുന്നവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ 17000ത്തോളം ആളുകളും കോഴഞ്ചേരിയിൽ 6000ത്തോളം പേരുമാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ഇവർ ആരും തന്നെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പുതിയ ക്യാമ്പുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആറന്മുളയിലും തിരുവല്ലയിലും ഹെലികോപ്ടറുപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളും നടന്ന് വരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർക്ക് ഹെലികോപ്ടറുകളിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

ഇന്ന് (17)ഉച്ചയോടെ കോഴഞ്ചേരി താലൂക്കിൽ ഒറ്റപ്പെട്ടിട്ടുള്ള എല്ലാവരേയും ഒഴിപ്പിക്കത്തക്ക വിധമാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്.

തിരുവല്ലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇവിടേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ബോട്ടുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി വിന്യസിക്കുന്നു. റാന്നി താലൂക്കിൽ ജലനിരപ്പ് താഴ്ന്നതിനാൽ സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here