നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ സ്ത്രീ പ്രസവിച്ചു

വ്യോമസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതിക്ക് നാവികസേനയുടെ ആശുപത്രിയില്‍ സുഖപ്രസവം. ആലുവ ചെങ്ങമനാട് സ്വദേശിനി സജിത ജബീല്‍ ആണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. രാവിലെയായിരുന്നു വെളളപ്പൊക്കം മൂലം കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.

മൂന്ന് ദിവസത്തോളം വെളളക്കെട്ടിനാല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തുന്ന കാ‍ഴ്ചയാണിത്. ആ സാഹസിക ദൗത്യം ഇന്ന് വലിയ സന്തോഷത്തിലേക്ക് വ‍ഴിമാറിക്ക‍ഴിഞ്ഞു.

നാവികസേന രക്ഷപ്പെടുത്തിയ ചെങ്ങമനാട് സ്വദേശി സജിത ജബീല്‍ നേവി ആസ്ഥാനത്തെ സഞ്ജീവിനി ആശുപത്രിയില്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് നേവി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 2.10ന് പ്രസവിച്ച കുട്ടിക്ക് ഒന്നരക്കിലോ തൂക്കവുമുണ്ട്. കെട്ടിടത്തിന് മുകളില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത പൊതുജനങ്ങളടക്കം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിച്ചതോടെ നേവിസംഘം രക്ഷപ്പെടുത്തുകയായിരുന്നു.

ദുരിതാശ്വാസ ക്യാന്പിലെത്തി മണിക്കൂറുകള്‍ക്കകം സജിത പ്രസവിക്കുകയും ചെയ്തു. പ്രളയദുരത്തിനിടയിലും അടിയന്തര ഘട്ടത്തില്‍ തന്നെ രണ്ട് ജീവനുകള്‍ രക്ഷപ്പെടുത്താനായതിന്‍റെ ആശ്വാസത്തിലാണ് എല്ലാവരും. ക്ഷണിക്കപ്പെടാതെ എത്തിയ പുതിയ അതിഥിയെ വളരെയധികം സന്തോഷത്തോടെയാണ് നാവികസേനാംഗങ്ങളും സ്വീകരിച്ചത്.

നിരവധി പേര്‍ ഇത്തരത്തില്‍ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുളള കര, വ്യോമ, നാവിക സേനകളും പൊലീസ്, ഫയര്‍ഫോ‍ഴ്സ് സേനയും ഒത്തൊരുമിച്ചുളള പ്രവര്‍ത്തനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News