
തിരുവനന്തപുരം: മഴക്കെടുതികളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തര നടപടികളെപ്പറ്റി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ വച്ച് ഉന്നതതല യോഗം കൂടി.
ഇപ്പോള്‍ പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാണെങ്കിലും വെള്ളം ഇറങ്ങുന്ന സമയത്ത് വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതാണ്. ഇത് മുന്നില്‍ കണ്ടാണ് അടിയന്തര യോഗം മന്ത്രി വിളിച്ചുകൂട്ടിയത്.
വെള്ളം ഇറങ്ങുന്ന സമയത്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി ശുചീകരിക്കേണ്ടതുണ്ട്.
ഇതിന് നേതൃത്വം നല്‍കാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഗണിച്ച് ദുരിതമനുഭവിക്കുന്ന എല്ലാ പഞ്ചായത്തുകളിലും 6 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ ഒരു മാസത്തേയ്ക്ക് നിയമിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഒഴിഞ്ഞു കിടക്കുന്ന എല്ലാ ഒഴിവുകളും അടിയന്തരമായി നികത്തുന്നതാണ്. ഓണം അവധി ദിനങ്ങളില്‍ മതിയായ ജിവനക്കാരുടെ സാന്നിധ്യം അതത് മേധാവികള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
ഇതോടൊപ്പം ആരോഗ്യ വകുപ്പിലെ ട്രാന്‍സര്‍ ഓര്‍ഡറുകള്‍ തല്‍ക്കാലം മരവിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വെള്ളം ഇറങ്ങുന്ന സമയത്ത് പാലിക്കേണ്ട നിര്‍ദേശങ്ങളെപ്പറ്റി ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ശുചീകരണത്തിലേര്‍പ്പെടുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാവരും ഇത് പാലിക്കേണ്ടതാണ്.
അല്ലാത്തപക്ഷം രോഗം ഏറ്റുവാങ്ങേണ്ട ഗുരുതര അവസ്ഥയുണ്ടാകും. ശുചീകരണത്തിനും ക്ലോറിനേഷനും ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
വെള്ളം ഇറങ്ങുന്ന തൊട്ടടുത്ത ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
ആരോഗ്യ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതാണ്.
സ്റ്റേറ്റ്, ജില്ലാ കണ്‍ട്രോള്‍ റൂമുകളാണ് സജ്ജമാക്കുന്നത്. ടൈഫോയിഡ്, ടെറ്റനസ്, മീസല്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് ശക്തിപ്പെടുത്തുന്നതാണ്.
മഴക്കെടുതി മൂലം സര്‍വതും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്.
ഇതിനായി സൈക്യാര്‍ട്ടി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ ഉറപ്പാക്കുന്നതാണ്.
കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്.
അത് മുന്നില്‍ കണ്ടുള്ള കൃത്യമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്.
പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.
പല സ്ഥലങ്ങളിലും പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള മരുന്നുകള്‍ ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കരുതാനും നിര്‍ദേശം നല്‍കി.
അടഞ്ഞുകിടക്കുന്ന ടോയ്‌ലറ്റില്‍ നിന്നും ഗ്യാസുണ്ടായി തീപിടിക്കാനും ഇലക്ടിക് ഉപകരണങ്ങളില്‍ നിന്നും ഷോക്കുണ്ടാകാനും സാധ്യതയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കി വേണം വെള്ളം കയറിയ വീടുകള്‍ ഉപയോഗിക്കാന്‍.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഓരോ ജില്ലയിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളും നടത്തുന്നതാണ്.
ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ കയറ്റി വരുന്ന ലോറികള്‍ക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
കോയമ്പത്തൂരില്‍ നിന്നും വരുന്ന ലോറികള്‍ നാഗര്‍കോവില്‍ വഴി എത്തിച്ചാണ് താത്ക്കാലിക പരിഹാരമുണ്ടാക്കുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഭാരതീയ ചികിത്സാ വിഭാഗം ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here