അനുകൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി കര-വ്യോമ-നാവിക സേനകള്‍

കൊച്ചിയില്‍ ലഭിച്ച അനുകൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം സുഗമമാക്കി. കര വ്യോമ നാവിക സേനകള്‍ ഒരുമിച്ച് രംഗത്തിറങ്ങിയതോടെ ഏ‍ഴുപതിനായിരത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്.

നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊച്ചി നാവികസേനാ ആസ്ഥാനത്ത് ആയിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ക‍ഴിയുന്നത്.

പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ആലുവ, പറവൂര്‍, കാലടി, മൂവാറ്റുപു‍ഴ, തുടങ്ങീ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയാണ് കര, വ്യോമ, നാവിക സേന രക്ഷപ്പെടുത്തിയത്. ഏകദേശം എ‍ഴുപതിനായിരത്തിലധികം ആളുകളെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.

സ്ത്രീകളെയും കുട്ടികളെയും ഗര്‍ഭിണികളെയും അടക്കം നാവികസേന ഹെലികോപ്റ്ററില്‍ എത്തിച്ചതോടെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍. കെട്ടിടത്തിനുളളില്‍ ദിവസങ്ങളായി ഭക്ഷണം പോലുമില്ലാത്ത കുട്ടികള്‍ക്ക് നേവിസംഘം ഭക്ഷണവും പ്രാഥമിക ചികിത്സയും നല്‍കി. മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് മടങ്ങിയതിന്‍റെ ദീര്‍ഘനിശ്വാസത്തിലാണവര്‍.

നാവിക സേനാ ആസ്ഥാനത്തെ ദുരിതാശ്വാസ ക്യാനപുകളിലും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും മരുന്നും കിടക്കകളും വസ്ത്രങ്ങളുമെല്ലാം നല്‍കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നുളളവരെല്ലാം ഒരേ കുടുംബം പോലെ ഇവിടെ ക‍ഴിയുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്ര പേരെ വേണമെങ്കിലും താമസിപ്പിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും രക്ഷാദൗത്യം തുടരുകയാണെന്നും നേവി പിആര്‍ഒ ശ്രീധര്‍ വാരിയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here