പ്രളയക്കെടുതി; കേരളത്തിന് അര്‍ഹമായ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

ദില്ലി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസിന്റെ അതിക്രമം.

പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സന്നാഹങ്ങളും ഒരുക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സഹായം എത്തിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥി യൂണിയന്റെ പ്രതിഷേധത്തിന് പ്രസിഡന്റ് ഗീതാ കുമാരി, ജോയിന്റ് സെക്രട്ടറി സുഭാന്‍ഷു സിങ്, മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജെഎന്‍യുവില്‍ നിന്ന് ബസില്‍ എത്തിയ വിദ്യാര്‍ഥികളെ സഫ്ദര്‍ജങില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ജന്തര്‍മന്ദറിലേക്ക് എത്തിക്കവെ കേരള ഹീസിനു സമീപം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

കേരള ഹൗസിനുമുന്നില്‍ പ്രതിഷേധ സംഗമം നടത്തിയ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. വിദ്യാര്‍ഥികളെ തടയാനുള്ള ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ മറികടന്നാണ് റോഡ് ഉപരോധിച്ചത്.

ഇതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തു. കേരള കൗമുദി റിപ്പോര്‍ട്ടര്‍ അനില്‍ വി ആനന്ദ്, ന്യൂസ്18 റിപ്പോര്‍ട്ടര്‍ എം ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് കയ്യേറ്റം ചെയ്തത്.

മാധ്യമപ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അനില്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News