ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും ഭയാനകമായ ഒരു ദുരന്തം നേരിട്ടിട്ടുണ്ടോയെന്ന് സംശയമാണ്. പ്രളയക്കെടുതിയിൽ കനിവ് തേടുന്ന പിറന്ന നാടിനെ നെഞ്ചോട് ചേർത്ത് സാന്ത്വനമേകുകയാണ് നഗരത്തിലെ മലയാളികൾ.

വ്യക്തികൾ, സംഘടനകൾ, വ്യവസായികൾ എന്ന് വേണ്ട മലയാളി എന്ന വികാരം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും ഒരു മനസോടെ ഒറ്റക്കെട്ടായി പെറ്റമ്മയായ കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറ്റുവാൻ പരമാവുധി സഹായങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമടങ്ങുന്ന ട്രക്കുകൾ വാഷി കേരളാ ഹൌസിലേക്ക് ഒഴുകിയെത്തുകയാണ്. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ കൂടാതെ സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി ജന്മനാടിന് സ്വാന്തനമേകാൻ പരിശ്രമിക്കുന്ന കാഴ്ചക്കാണ് കേരളാ ഹൌസ് സാക്ഷ്യം വഹിച്ചത്.

മുംബൈയുടെ വിവിധ കേന്ദ്രങ്ങളിൽ പാഴ്സലുകൾ ശേഖരിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ലോക കേരള സംഭംഗം പി ഡി ജയപ്രകാശ് പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന നിരവധി പേരാണ് കേരളത്തിലേക്കയക്കാനുള്ള ഭക്ഷണങ്ങൾ അടങ്ങുന്ന പാഴ്സലുകൾ ട്രാക്കുകളിൽ കയറ്റി അയക്കുന്നതിൽ പങ്കാളികളായി കേരളാ ഹൌസിൽ എത്തിയിരുന്നത്.

നഗരത്തിലെ എല്ലാ സമാജങ്ങളും ആഘോഷ പരിപാടികൾ റദ്ദാക്കിയാണ് മഴക്കെടുതിയിൽ ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തം നീട്ടുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ടി എൻ ഹരിഹരൻ പറഞ്ഞു.

ദുരിതാശ്വാസത്തിനായി അയക്കുന്ന സാമഗ്രഹികളെ ജി എസ് ടി, തുടങ്ങിയ നികുതികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടപ്പെട്ട അധികൃതർ ഇടപടണമെന്ന് സീസാഗ മാനേജിങ് ഡയറക്ടർ എം കെ നവാസ് അഭിപ്രായപ്പെട്ടു.

ലോക കേരള സഭാംഗങ്ങളുടെ ആഭിമുഖ്യത്തിൽ വാഷി കേരള ഹൌസിൽ കൂടിയ യോഗത്തിൽ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

ലോക കേരള സഭാംങ്ങളായ കുമാരൻ നായർ, പി ഡി ജയപ്രകാശ്, പി കെ ലാലി, ബിന്ദു ജയൻ, മാത്യു തോമസ്, ലതിക എന്നിവരെ കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എൻ കെ ഭൂപേഷ്‌ബാബു, ടി എൻ ഹരിഹരൻ, എം കെ നവാസ്, എൻ എസ് സലിംകുമാർ, സിബി സത്യൻ, ശ്രീകാന്ത് നായർ, പ്രിയാ വർഗീസ്, കെ ടി നായർ, കേളി രാമചന്ദ്രൻ, പി പി അശോകൻ, ഗിരീഷ് നായർ, പവിത്രൻ, ദീപക് പച്ച, എസ് കുമാർ, അനിൽ പ്രകാശ് തുടങ്ങിവരും പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ വിവിധ സംഘനകൾ വഴി സ്വരൂപിക്കുവാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുവാനുമായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു.

ആഘോഷങ്ങൾ ഒഴിവാക്കി ജന്മനാടിന് കനിവേകാൻ മലയാളി സംഘടനകൾ

പവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിരാനന്ദനി കേരളൈറ്റ്‌സ് അസോസിയേഷൻ ആദ്യ ഗഡുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയാണ് ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചത്.

അടുത്ത ഘട്ടമായി കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയും സഹായങ്ങൾ സമാഹരിച്ചു കൊണ്ടിരിക്കുകയാണ് സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സമാജം. ഏകദേശം 50 ലക്ഷം രൂപയോളം ഈയവസരത്തിൽ കേരളത്തിന് സഹായമായി നൽകുവാനാണ്‌ സമാജം ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്.

പൻവേൽ മലയാളി സമാജം ഇതിനകം 10 ലക്ഷം രൂപ ധനസഹായമായി സുമനസുകളിൽ നിന്നും സമാഹരിച്ചു കഴിഞ്ഞു. 15 മുതൽ 20 ലക്ഷം രൂപ വരെ സഹായിക്കാനാവുമെന്നാണ് സമാജം പ്രസിഡണ്ട് ടി എൻ ഹരിഹരനും ഏകോപന സമിതി അംഗം സതീഷ് കുമാറും അറിയിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും 10 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നീക്കി വച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികൾ റദ്ദാക്കിയാണ് സമാജം കേരളത്തിന് സഹായഹസ്തം നീട്ടുന്നത്.

ഓർത്തോഡോക്സ് സഭ ബോംബെ ഭദ്രാസനം കേരള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ആദ്യ ഗഡുവായ 10 ലക്ഷം രൂപ കൈമാറും. യുവജനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായപദ്ധതിക്ക് തുടക്കം കുറിച്ചു .

കേരള ജനതയുടെ ദുരിതാവസ്ഥ കണക്കിലെടുത്തു ശ്രീനാരായണ മന്ദിര സമിതി സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന ഗുരുദേവ ജയന്തി ആഘോഷം റദ്ദാക്കി. സഹായത്തിന്റെ ആദ്യ ഗഡുവായ 2 ലക്ഷം രൂപ മുൻ മന്ത്രി എം എ ബേബിക്ക് കൈമാറി.

ശ്രീനാരായണ മന്ദിര സമിതിയുടെ നാല്പതോളം യൂണിറ്റുകളിൽ നിന്നും പരമാവുധി സംഭാവന അംഗങ്ങളിൽ നിന്നും സ്വരൂപിച്ചു കൂടുതൽ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് സെക്രട്ടറി എൻ എസ് സലിംകുമാർ വാഷി കേരള ഹൌസിൽ ലോക കേരള സഭ അംഗങ്ങൾ വിളിച്ചു കൂട്ടിയ യോഗത്തിൽ അറിയിച്ചു.

മുംബൈ താനെ യൂണിയൻ എസ് എൻ ഡി പി യോഗവും കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നഗരത്തിലെ വിവിധ യൂണിറ്റുകൾ വഴി സംഭാവനകൾ സ്വരൂപിച്ചു ഏകദേശം 15 ലക്ഷത്തോളം സമാഹരിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു മുംബൈ യൂണിയന്‍ പ്രസിഡന്‍റ് എസ്.ഗോപാലകൃഷ്ണൻ അറിയിച്ചു.

കാന്തിവ്‌ലി ലോഖണ്ഡ് വാല ടൗൺഷിപ് മലയാളി അസോസിയേഷൻ ഓണാഘോഷവും രജത ജൂബിലി ആഘോഷവും മാറ്റി വച്ച് വലിയൊരു തുക സമാഹരിച്ചു കേരള ദുരിതാശ്വാസനിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചു.

കെ ആൻഡ് കെ സോഷ്യൽ ഫൌണ്ടേഷൻ ലീല ഹോട്ടലിൽ വച്ച് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കി നീക്കി വച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംഘടനയുടെ ചെയർമാൻ പ്രിൻസ് വൈദ്യൻ അറിയിച്ചു.

ഖാർഘർ മലയാളി കൂട്ടായ്മ കേരളത്തിലെ പ്രളയക്കെടുതിയിൽ വലയുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമടക്കം അവശ്യ സാധനങ്ങൾ പരമാവുധി ശേഖരിച്ചു എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മുത്തപ്പൻ സേവാ സംഘം ആദ്യ ഗഡുവായ 1 ലക്ഷം രൂപ സംഭാവന ചെയ്യുവാൻ തീരുമാനിച്ച വിവരം സാമൂഹിക പ്രവർത്തകൻ സി പി ബാബു അറിയിച്ചു. താനെ നായർ വെൽഫെയർ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം റദ്ദാക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു.

സി.ബി.ഡി. കൈരളി ഓണാഘോഷം റദ്ദാക്കി. സംഘടന സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചതായി പ്രസിഡൻറ് സാബു ഡാനിയേൽ അറിയിച്ചു.

ഒാണാഘോഷ പരിപാടികൾക്ക് ചെലവാക്കുന്ന രണ്ട് ലക്ഷം രൂപ ദുരിതാശ്വാസഫണ്ടിലേക്ക് നല്കാൻ വിത്തൽവാഡി സമാജം തീരുമാനിച്ചതായി സെക്രട്ടറി കെ.എസ്. രവീന്ദ്രൻ പറഞ്ഞു.

മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ ആഗസ്റ്റ് 19ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കി, ചെലവിനായി സ്വരൂപിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് പ്രസിഡണ്ട് ഇ പി വാസു അറിയിച്ചു.

സെപ്റ്റംബർ രണ്ടാം തീയതി നടത്താനിരുന്ന ഓണാഘോഷം അന്ധേരി മലയാളിസമാജം മാറ്റി വെച്ചു. പണം സ്വരൂപിച്ച് കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്കെത്തിച്ചു കൊടുക്കാൻ തീരുമാനിച്ചതായി സെക്രട്ടറി ഉണ്ണിമേനോൻ അറിയിച്ചു.

ഓണാഘോഷത്തിന് ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അയയ്ക്കാൻ താരാപുർ മലയാളിസമാജം തീരുമാനിച്ചു. കൂടുതൽ തുക കണ്ടെത്തി അവയും ദുരിതാശ്വാസ പ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് സമാജം പ്രവർത്തകൻ മോഹൻകുമാർ അറിയിച്ചു.

വാപ്പി മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്താതെ അംഗങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി പ്രസിഡന്റ് പ്രഭു മറ്റത്തിൽ അറിയിച്ചു.

സെപ്റ്റംബറിൽ നടത്താനിരുന്ന സ്നേഹോത്സവം ‘ഇപ്റ്റ്’ മാറ്റി വെച്ചു. ഇപ്റ്റയുടെ സഹായധനം കേരളീയ കേന്ദ്രസംഘടനയുടെ കേരളത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

‘നാട്ടോണം പൊന്നോണം-2018’ എന്ന പേരിൽ ഐരൊളിയിൽ ശനിയാഴ്ച നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി മുംബൈ മലയാളി ഫെയ്‌സ്ബുക്ക് കൂട്ടായ്മ അറിയിച്ചു. ഇതിനായി സ്വരൂപിച്ച തുക കൊണ്ട് വാങ്ങിച്ച വസ്തുക്കൾ കേരളത്തിൽ മഴക്കെടുതി അനുഭവിക്കുന്നവർക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ മൂന്നു വർഷമായി ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) തിരുവോണനാളിൽ സി.എസ്.ടി. റെയിൽവേസ്റ്റേഷനിൽ ഒരുക്കുന്ന പൂക്കളം ഇത്തവണയില്ല. കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനു വേണ്ടിയാണ് ഓണാഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്ന് അമ്മ പ്രസിഡന്റ് ജോജോ തോമസ് അറിയിച്ചു.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. താനെയിലെ മലയാളികളുമായി ബന്ധപ്പെട്ടാണ് രണ്ടായിരം ഫാമിലി കിറ്റ് കേരളത്തിലേക്കയക്കുവാനുള്ള ഉദ്യമത്തിന് മന്ത്രി നേതൃത്വം നൽകിയത്.

കേരളത്തിന്റെ കണ്ണീരൊപ്പാൻ മുംബൈ മലയാളി വ്യവസായികളും

ദുരിതം പേറുന്നവർക്കായി മുംബൈ മലയാളികൾ സ്വരൂപിക്കുന്ന ഭക്ഷണം, വസ്ത്രം എന്നിവ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായുള്ള കാർഗോ സേവനങ്ങൾ സൗജന്യമായി ഏർപ്പെടുത്തുവാനുള്ള സന്നദ്ധത അക്ബർ ട്രാവെൽസ് ഏറ്റെടുത്തതും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനുഗ്രഹമായി.

കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുംബൈയിലെ മലയാളി ഹോട്ടലുടമകളുടെ സംഘടനയായ ബജറ്റ് ഹോട്ടൽ അസോസിയേഷനും രംഗത്ത്. ഇതിനായി അസോസിയേഷന്റെ അംഗങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കാൻ തുടങ്ങി ക്കഴിഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപ സമാഹരിക്കാനാണ് പദ്ധതിയെന്ന് ജനറൽ സെക്രട്ടറി സൈനുദ്ദീൻ വി.കെ. അറിയിച്ചു. പ്രസിഡന്റ് എസ്.വി. അഷ്‌റഫ് അലി ആദ്യ സംഭാവന നൽകി.

കോർപ്പറേറ്റ് കമ്പനികളിൽ ജ്യോതി ലബോറട്ടറീസ് 1 കോടി രൂപ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ ഗുഡ് വിൻ മൊത്തം 35 ലക്ഷം രൂപയുടെ സഹായങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇതിൽ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപയ്ക്ക് സാധന സാമഗ്രഹികളായി നൽകുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. എം കെ നവാസ് മാനേജിങ് ഡയറക്ടറായ സീസാഗ ഗ്രൂപ്പ് 20 ലക്ഷം രൂപയും എഞ്ചിനീയറിംഗ് മേഖലയിലെ പ്രമുഖരായ ശില്പി എഞ്ചിനീയറിംഗ് 10 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ എത്തനോൾ ഉൽപ്പാദകരായ ശ്രീ എക്സ്പോർട്ട്സ് ആദ്യ ഗഡുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ തീരുമാനിച്ചു. കൂടാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുവാനും പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ സുകുമാര പണിക്കർ പറഞ്ഞു

മുംബൈയിലെ പ്രമുഖരായ മലയാളികളുടെയുടെയും ഉന്നത സ്ഥാനം വഹിക്കുന്ന മലയാളി ഉദ്യോഗസ്ഥരുടെയും ശ്രമങ്ങൾ കൂടുതൽ കോർപ്പറേറ്റ് സഹായങ്ങൾ ജന്മനാടിന്റെ പുനരുദ്ധാരണത്തിന് ലഭിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.

ടാറ്റ ട്രസ്റ്റും എൽ ഐ സിയും ഇതിനകം 10 കോടി വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കഴിഞ്ഞു. ടാറ്റ കൺസൽറ്റൻസി സർവീസസ് തങ്ങളുടെ പങ്കാളികളോടെല്ലാം പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനെ സഹായിക്കുവാൻ ഉദാരമായ സംഭാവനകൾ നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൂടാതെ നാലു ലക്ഷത്തോളം വരുന്ന ജോലിക്കാർക്കും സ്വമേധയ സംഭാവനകൾ നൽകുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥയായ പ്രിയ വർഗീസ് അറിയിച്ചു.

എൽ ആൻഡ് ടി ഗ്രൂപ്പു സി ഇ ഓ എസ് എൻ സുബ്രമണ്യൻ പുറപ്പെടുവിച്ച സർക്കുലറിൽ ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനായി അഭ്യർത്ഥിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here