പ്രളയക്കെടുതി; വൈദ്യുതി സംവിധാനം പൂർവ്വസ്ഥിതിയിലാക്കാൻ ജീവനക്കാർ അവധി ഒഴിവാക്കി ജോലികൾക്ക് ഹാജരാകും

പേമാരിയിലും പ്രളയത്തിലും മുങ്ങി വലിയ തോതിൽ ഉണ്ടായ നാശനഷ്ടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർവ്വസ്ഥിതിയിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും പെൻഷൻകാരുടെയും സഹകരണം അഭ്യർത്ഥിച്ച് , കെ.എസ്.ഇ.ബി സി.എം.ഡി ശ്രീ.എൻ.എസ്. പിള്ള സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു.

ജീവനക്കാർ എല്ലാ ദിവസങ്ങളിലും ഓഫീസുകളിൽ ആവശ്യമെങ്കിൽ എത്തണമെന്നും വ്യക്തിപരമായ ആവശ്യങ്ങൾ മാറ്റി വെച്ച് അവധിക്കാലം ഒഴിവാക്കി അവധി ദിവസങ്ങളിലടക്കം ഓഫീസിൽ ഹാജരായി പുനർനിർമാണ പ്രക്രിയയിൽ പങ്കെടുക്കാനും യോഗത്തിൽ തീരുമാനമായി.

സുരക്ഷിതമായ നിലയിൽ സമയബന്ധിതമായി വൈദ്യുതി ശൃംഖല പുനർനിർമിക്കാനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുമുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി നാളെ മുതൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗത്തിൽ ധാരണയായി.

സർവ്വീസിൽ നിന്നും വിരമിച്ചവരുടെ സേവനം ആവശ്യമുള്ളിടത്തെല്ലാം ഉപയോഗപ്പെടുത്തും.

വീടുകളിൽ തിരികെ എത്തുന്ന ഉപഭോക്താക്കൾ വയറിംഗ് അടക്കമുള്ള സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനാവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും കെ.എസ്.ഇ.ബി ജീവനക്കാർ നൽകാമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സഹായവും ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നതാണ്.

പവർ ഗ്രിഡ് കോർപ്പറേഷൻ, തമിഴ്നാട് വൈദ്യുതി കോർപ്പറേഷൻ, ടാറ്റാ പവർ തുടങ്ങിയ സ്ഥാപനങ്ങൾ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ പുനർനിർമാണത്തിൽ കെ.എസ്.ഇ.ബിക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.

ഉല്പാദന നഷ്ടം കൂടാതെ ഏകദേശം 350 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബി യ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായി
കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനതലത്തിൽ ഡയറക്ടറുടെ നേതൃത്വത്തിലും മേഖലാ തലത്തിൽ ചീഫ് എഞ്ചിനീയർമാരുടെ നേതൃത്യത്തിലും പ്രാദേശിക തലങ്ങളിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരുടെ നേതൃത്വത്തിലും കൂടാതെ സെക്ഷൻ അടിസ്ഥാനത്തിലും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചാവും പുനർനിർമാണ പ്രക്രിയ എറ്റെടുത്ത് നടപ്പാക്കുക.

പേമാരിയും പ്രളയവും ബാധിച്ച പ്രദേശങ്ങളിലെ സെക്ഷൻ ഓഫീസുകളിലും സബ് സ്റ്റേഷനുകളിലും മറ്റ് പൊതു ഇടങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും.

തകർന്ന വൈദ്യുതി വിതരണ സംവിധാനം പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ നടത്തുന്ന അക്ഷീണ പ്രയത്നങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News