സൈന്യത്തെ ഏല്‍പ്പിക്കുക എന്ന മുറവിളി ദുഷ്ടലാക്കോടെ; ഇതാ വസ്തുതകള്‍…

ദുരന്തം നേരിടല്‍ സൈന്യത്തെ ഏല്‍പ്പിച്ച ചരിത്രമില്ല. നടക്കുന്ന രക്ഷാപ്രവര്‍ത്തനം സേനാ പങ്കാളിത്തത്തോടെ. ഇന്ത്യന്‍ നിയമം അനുസരിച്ച് ഇതേ നടക്കൂ.

സൈന്യത്തിന്‍റേയും കേന്ദ്ര ഏജന്‍സികളുടേയും സജീവ പങ്കാളിത്തത്തോടെയാണ് ഇപ്പോ‍ഴത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും സൈന്യത്തെ ഏല്പിച്ചില്ലെന്ന വിമര്‍ശനം ഉയരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും യഥാ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുളള സാമഗ്രികള്‍ സഹിതം എത്തിച്ചേരാന്‍ സൈന്യത്തിന് ക‍ഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു പ്രകൃതി ദുരന്തത്തിന്‍റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സൈന്യത്തെ ഏല്പിച്ച ചരിത്രമില്ല. അത്തരമൊരു ഏല്പിക്കല്‍ അസാധ്യമാണ്. രാജ്യത്ത് ഒരുവന്‍ പ്രകൃതി ദുരന്തം ഉണ്ടായാല്‍ 2005ലെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം രക്ഷാപ്രവര്‍ത്തനം മുതല്‍
പുനരധിവാസം വരെയുളളവയെക്കെല്ലാം നേതൃത്ത്വവും മേല്‍നോട്ടവും വഹിക്കേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി യേജിച്ച് പ്രവര്‍ത്തിക്കണം.

കാലവര്‍ഷകെടുതി പ്രളയമായി മാറുന്നത്തിന്‍റെ ലക്ഷണം കണ്ട ഉടനെ സംസ്ഥാന സൈന്യത്തിന്‍റെ സഹായം തേടി. കര, നാവിക, വ്യോമസേന യൂണിറ്റുകള്‍, ദുരന്ത നിവാരണ സേന എന്നിവര്‍ പ്രളയ ബാധിത പ്രദേശങ്ങളിലെത്തി.

കണ്‍ട്രോള്‍ റുമുകളില്‍ പോലും ഈ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദ്രുതഗതിയില്‍ വിന്യസിക്കാനായില്ലെന്ന് സൈന്യം തന്നെ സമ്മതിക്കുന്നുണ്ട്.
ഉത്തരേന്ത്യയില്‍ നിന്ന് രക്ഷാദൗത്യത്തിനായുളളസാമഗ്രികള്‍ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായി.

സാമഗ്രികള്‍ കരമാര്‍ഗ്ഗം എത്തിക്കാന്‍ നേരിട്ട പ്രയാസമായിരുന്നു മറ്റൊരു പ്രശ്നം.
ലോകം കണ്ട ഏറ്റവും വലിയ ജലദുരന്തങ്ങളിലൊന്നാണ് കേരളത്തില്‍ നടന്നതെന്നിരിക്കെ ദുരന്തത്തിന്‍റെ വ്യാപ്തിക്ക് അനുസൃതമായ സാമ്പത്തിക സഹായം നല്കുക, പുനരധിവാസ
പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക, വിദേശ ഏജന്‍സികളില്‍ നിന്ന് സഹായം ലഭ്യമാക്കുക തുടങ്ങിയ നിര്‍ണ്ണായക ദൗത്യങ്ങളാണ് ഇനി കേന്ദ്രം നിറവേറ്റേണ്ടത്.

സംസ്ഥാന സര്‍ക്കാറിന്‍റേയും മലയാളി സംഘടനകളുടേയും ഇടപെടല്‍ മൂലം ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ എന്നാല്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്ര സംഘടനകളുടെ സഹായം ലഭിക്കൂ.

ഇതെല്ലാമാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെയാണ് സൈന്യത്തെ ഇറക്കിയില്ലെന്ന പ്രചാരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here