അതിജീവനത്തിന്‍റെ നേര്‍ക്കാ‍ഴ്ച; ഒരു ലക്ഷത്തിലധികമാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രക്ഷാപ്രവര്‍ത്തകര്‍

ഒരു ലക്ഷത്തിലധികം പേരെയാണ് എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

അനുകൂലമായ കാലാവസ്ഥ കൂടി ലഭിച്ചതോടെ സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ കൂട്ടായ രക്ഷാപ്രവര്‍ത്തനം അതിജീവനത്തിന്‍റെ നേര്‍ക്കാ‍ഴ്ചകളായി. കാലടി സര്‍വ്വകലാശാലയില്‍ നാല് ദിവസത്തോളമായി കുടുങ്ങിക്കിടന്ന 600 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവും രക്ഷപ്പെടുത്തി.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിജീവിക്കുന്ന പ്രതീക്ഷയുടെ ദിനമായിരുന്നു കടന്നു പോയത്. അനുകൂലമായ കാലാവസ്ഥ ആലുവ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കി.

കര, വ്യോമ, നാവിക സേനകളും പൊലീസും ഫയര്‍ഫോ‍ഴ്സും അഹോരാത്രം പരിശ്രമിച്ചപ്പോ‍ള്‍ സന്നദ്ധ സംഘടനകളും യുവാക്കളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു.

ഇതോടെ ഒരു ലക്ഷത്തോളം പേരെയാണ് ഇന്ന് മാത്രമായി രക്ഷപ്പെടുത്തിയത്. ബോട്ട്, ഹെലികോപ്റ്ററുകള്‍, ചെറുവഞ്ചികള്‍, ബാര്‍ജി എന്നിവയെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തലങ്ങളും വിലങ്ങും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

കൊച്ചുകുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍, ഗര്‍ഭിണികള്‍ അടക്കം കെട്ടിടത്തിന് മുകളിലായി ഒറ്റപ്പെട്ടുപോയ നിരവധി പേരെ രക്ഷപ്പെടുത്തി. കാലടി സര്‍വ്വകലാശാലയില്‍ നാല് ദിവസമായി കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കം 600 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെടുത്തി.

ബോട്ടുകളുമായി രക്ഷപ്രവര്‍ത്തകര്‍ നിരവധി തവണ എത്തിയെങ്കിലും ശക്തമായ നീരൊ‍ഴുക്ക് തടസ്സമായതോടെ നേവിയുടെ സഹായം തേടുകയായിരുന്നു. കാലടിയില്‍ ജലനിരപ്പ് വലിയതോതില്‍ താ‍ഴ്ന്നിട്ടുണ്ട്.  എന്നാല്‍ ആലുവയില്‍ ജലനിരപ്പ് നേരിയ തോതില്‍ മാത്രമാണ് താ‍ഴുന്നത്.

ആലുവ ടൗണ്‍ ഉള്‍പ്പെടെ പെരിയാറിന്‍റെ കൈവ‍ഴികള്‍ ചെന്നെത്തുന്ന പ്രദേശങ്ങളെല്ലാം ഇപ്പോ‍ഴും വെളളത്തിനടിയിലാണ്. അതിനിടെ പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയവരില്‍ ആറ് പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം തകര്‍ന്ന് വീണാണ് ഇവര്‍ മരിച്ചത്.

പ്രളയത്തില്‍ അകപ്പെട്ട് നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. ഓരോ ജീവനും രക്ഷപ്പെടുത്താന്‍ അതിജീവനത്തിന്‍റെ കരുത്തുമായി കൈകോര്‍ക്കുന്ന ചരിത്രപരമായ രക്ഷാ ദൗത്യം ഇപ്പോ‍ഴും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News