പ്രളയം ദുരന്തം വിതച്ച എറണാകുളം ജില്ലയില്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍ ക‍ഴിയുന്നത്  രണ്ട് ലക്ഷത്തോള‍ം പേര്‍

പ്രളയം ദുരന്തം വിതച്ച എറണാകുളം ജില്ലയില്‍ രണ്ട് ലക്ഷത്തോള‍ം പേരാണ് ദുരിതാശ്വാസ ക്യാന്പുകളില്‍ ക‍ഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാന്‍ സമൂഹത്തിന്‍റെ നാനാത്തുറകളില്‍ നിന്ന് സഹായപ്രവാഹവും ഒ‍ഴുകുകയാണ്.

മഹാപ്രളയത്തില്‍ വീടും സന്പാദ്യവും ഉപേക്ഷിച്ച് രണ്ട് ലക്ഷത്തിലേറെ ആളുകളാണ് വിവിധ ക്യാന്പുകളിലായി ക‍ഴിയുന്നത്. ആലുവ, പറവൂര്‍, കാലടി, കടുങ്ങല്ലൂര്‍, ഏലൂര്‍ക്കര, മൂവാറ്റുപു‍ഴ തുടങ്ങീ വിവിധ താലൂക്കുകളിലെ ആളുകള്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ ക‍ഴിയുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെളളവും വസ്ത്രങ്ങളും മരുന്നും എത്തിച്ച് നല്‍കാന്‍ വിവിധ കോണുകളില്‍ നിന്നും സഹായഹസ്തങ്ങളും എത്തുന്നുണ്ട്.

സാമൂഹ്യ, സാംസ്ക്കാരിക, സന്നദ്ധ സംഘടനകള്‍ക്ക് പുറമേ സിനിമാ താരങ്ങളും ക്യാന്പുകളിലെത്തുന്നത് അവര്‍ക്ക് പ്രതീക്ഷകളേറുന്നു. ചളിക്കവട്ടത്തെ ക്യാന്പില്‍ സന്ദര്‍ശനം നടത്തിയ നടന്‍ ബാല മഹാപ്രളയത്തെ ദേശീയദുരന്തമാക്കി പ്രഖ്യാപിച്ച് മതിയായ കേന്ദ്രസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ആലുവയിലെ വിവിധ ഭാഗങ്ങളില്‍ വെളളത്താല്‍ ചുറ്റപ്പെട്ട ക്യാന്പുകളില്‍ ഭക്ഷണം എത്തിക്കാനുളള ബുദ്ധിമുട്ടും നേരിടുന്നുണ്ട്. എങ്കിലും എല്ലാവരും ഒത്തൊരുമയോടെ ജാതിമതഭേദമന്യേ ഒരുമിക്കുന്ന കാ‍ഴ്ച ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ ക്യാന്പുകളില്‍ ക‍ഴിയുന്നവരും സംതൃപ്തരാണ്.

നടി അമല പോള്‍, നടന്‍ ദിലീപ്, തുടങ്ങിയ നിരവധി സിനിമാ താരങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാന്പുകളില്‍ വസ്ത്രങ്ങളും അവശ്യസാധനങ്ങളുമായി എത്തിയിരുന്നു. ജലത്താല്‍ മുറിവേറ്റ ഇവര്‍ക്ക് ഇനി വേണ്ടത് അതിജീവനത്തിനുളള കരുത്താണ്. അതിനായി ഒരുമിച്ച് കൈകോര്‍ക്കുകയാണ് കേരളത്തിലെ എല്ലാ സുമനസ്സുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News