ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; പുതിയ ക്യാമ്പുകള്‍ തുറക്കും: മന്ത്രി മാത്യു ടി തോമസ്

ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മാത്യു ടി തോമസിന്റെ നിര്‍ദേശം. തിരുവല്ല താലൂക്ക് ഓഫീസില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

ഇത് ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കുറക്കും. കൂടുതല്‍ ആളുകളുള്ള ക്യാമ്പുകള്‍ വിഭജിച്ച് പുതിയ ക്യാമ്പുകള്‍ തുറക്കും. എല്ലാ ക്യാമ്പുകളിലും ആവശ്യമായ ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.
ഇനിയും കുടുങ്ങിക്കിടക്കുന്ന ആളുകളുണ്ട്.

അവര്‍ക്ക് ഇന്നലെ വ്യോമമാര്‍ഗം ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു. ഇവരെ കൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് കൂടുതല്‍ ബോട്ടുകളും വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ജലനിരപ്പ് താഴ്ന്ന സ്ഥലങ്ങളില്‍ ഉപയോഗം കഴിഞ്ഞ കൂടുതല്‍ ബോട്ടുകള്‍ തിരുവല്ലയിലെത്തിച്ച് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ആവശ്യത്തിന് സാധന സാമഗ്രികള്‍ ലഭിക്കുന്നുണ്ട്.

ഇവ കാര്യക്ഷമമായി ക്യാമ്പുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തും. ഡി ഐ ജി ഷെഫിന്‍ അഹമ്മദ്, ജില്ലാ കലക് ടര്‍ പി ബി നൂഹ്, ആ ഡി ഒ ടി.കെ.വിനീത്, തഹസില്‍ദാര്‍ ശോഭന ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News