ദുരിതാശ്വാസ ക്യാമ്പില്‍ ആക്രമണം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; ആക്രമണം നടത്തിയത് 30ഓളം പേര്‍

കണ്ണൂര്‍: കൊട്ടിയൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആക്രമണം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

പോലീസുകാരെയും ഉദ്യോഗസ്ഥരെയും അക്രമിച്ചതിന് 13 എസ്ഡിപിഐകാര്‍ക്കെതിരെയാണ് കേളകം പോലീസ് സ്വമേധയാ കേസെടുത്തത്.

ഇന്നലെ രാത്രി ക്യാമ്പില്‍ അതിക്രമിച്ചു കടന്നത് ചോദ്യം ചെയ്തതിനാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

അഭിമന്യുവിനെ കൊന്നത് പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അക്രമം ഉണ്ടായത്. 30 ഓളം വരുന്ന എസ്ഡിപിഐ സംഘം രാത്രി ക്യാമ്പില്‍ അതിക്രമിച്ചു കയറിയത് ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് അക്രമി സംഘം ക്യാമ്പിന് അകത്തേക്ക് കല്ലേറ് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാണ് കഴിഞ്ഞതെന്ന് ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.

എസ്ഡിപിഐ ആക്രമണത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

13 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കൂത്തുപറമ്പ് ജെസിഎം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ ആക്രമണം നടത്തിയ എസ്ഡിപിഐയുടെ മനുഷ്യത്വ രഹിത നടപടിക്ക് എതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here