രക്ഷാദൗത്യം അവസാന ഘട്ടത്തില്‍; ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തീയായിക്കഴിഞ്ഞിരിക്കുകയാണ്.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 7,24,649 ജനങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസിക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. അദ്യഘട്ടം അവസാനിക്കുന്നു

ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുക എന്ന എറ്റവും അടിയന്തരമായ കര്‍ത്തവ്യമാണ് ഏത് ദുരിതത്തിലും പ്രഥമ പരിഗണന നല്‍കേണ്ടത്.

അത്തരം കാഴ്ചപ്പാടോടെ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന പദ്ധതിക്കാണ് അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്‍കാന്‍ പോകുന്നത്.

അതോടൊപ്പം തന്നെ ഏതെങ്കിലും പ്രദേശത്ത് കുരുങ്ങിക്കിടക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും.

അതായത് രക്ഷാ പ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയേണ്ട ഘട്ടമാണ് അടുത്തത് എന്ന് കണ്ടുകൊണ്ട് അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് പ്ലാന്‍ ചെയ്യാന്‍ പോകുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രത്യേക ചുമതല തന്നെ ഇക്കാര്യത്തില്‍ നല്‍കിക്കൊണ്ട് പ്രാദേശികമായ സഹകരണത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.

വീടുകളിലേക്ക് ജനങ്ങള്‍ക്ക് തിരിച്ചുപോകണമെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ അവിടെ ഉറപ്പുവരുത്തുക എന്നതും രണ്ടാം ഘട്ടത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഒന്നായാണ് സര്‍ക്കാര്‍ കാണുന്നത്.

വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് മലിനീകരിക്കപ്പെട്ട ഏതെങ്കിലും ജല സ്രോതസ്സുകളുണ്ടെങ്കില്‍ അവ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ പോകുകയാണ്.

ശുദ്ധജല പൈപ്പുകള്‍ എവിടെയെങ്കിലും മുറിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അവയെ സാധാരണ ഗതിയിലാക്കുന്നതിനുള്ള നടപടികള്‍ നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ടെങ്കിലും അത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാവുന്ന സംഘടനയാണ് റെസിഡന്‍സ് അസോസിയേഷനുകള്‍.

ഇവരുടെ കാര്യക്ഷമമായ പങ്കാളിത്തം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവരുമായി ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യും.

വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും പാചകം ചെയ്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന വീടുകളിലും ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഹെലികോപ്പ്റ്ററുകള്‍, ബോട്ടുകള്‍, വള്ളങ്ങള്‍ അതുപോലുള്ള എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അത് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നുണ്ട്.

അത് കൃത്യമായ സംവിധാനത്തിലൂടെ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും വനിതാ പോലീസ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നതാണ്.

ദുരിതബാധിതമേഖലകളില്‍ വൈദ്യുതി സംവിധാനം തകര്‍ന്നുപോയിട്ടുണ്ട്. അവ പുനസ്ഥാപിക്കുക എന്നത് പ്രധാനമാണ്.

കുടിവെള്ള പദ്ധതികള്‍ക്കും തെരുവ് വിളക്കുകള്‍ക്കും വൈദ്യുതി പുനസ്ഥാപിക്കുക എന്നത് എറ്റവും പ്രഥമ ഉത്തരവാദിത്തമാണ്. അതോടൊപ്പം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കും.

ശരിയായ മേല്‍നോട്ടത്തില്‍ മാത്രമേ അത് നടത്താനാവൂ. ഇല്ലെങ്കില്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടാക്കും.

ഇക്കാര്യം പരിഗണിച്ചുകൊണ്ട് അപകടരഹിതമായി മുന്‍കരുതലുകളോടെ പുനസ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വൈദ്യുതി വകുപ്പിന് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഇത്തരം വലിയ പ്രളയമുണ്ടാകുമ്പോള്‍ ശുചിത്വപ്രശ്നം ഗൗരവമായി കടന്നുവരും. കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്.

ഇത് മുന്‍കൂട്ടികണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മാലിന്യവിമുക്തമായ നിലയില്‍ തന്നെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.

ഇന്ന് ഹരിതകേരളം പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ യോഗം ചേര്‍ന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ മേല്‍ക്കൈയില്‍ ബഹുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇതില്‍ ഇടപെടുന്നതിനുള്ള ആസൂത്രണം നടത്തിക്കഴിഞ്ഞിട്ടുണ്ട്.

പ്രളയം ബാധിച്ച എല്ലാ പഞ്ചായത്തുകളിലും ആറ് വീതം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ആരോഗ്യവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സഹായിക്കും. മാലിന്യവിമുക്ത പ്രോട്ടോകോള്‍ ഉണ്ടാക്കും.

വീട് വൃത്തിയാക്കുന്ന പരിപാടി ആസൂത്രിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ചെളികളും മറ്റും വൃത്തിയാക്കുന്നതിന് ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതുമാണ്.

രോഗങ്ങള്‍ വരിക സ്വാഭാവികമാണ്. മഴക്കാലത്ത് പ്രായമുള്ളവര്‍ക്ക് സ്വാഭാവികമായും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ അത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ജനങ്ങളെ രോഗത്തിന്‍റെ പിടിയില്‍ പെടാതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധ തന്നെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

ചികിത്സ ആവശ്യമായവര്‍ക്ക് ആയത് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. ഇതിന് പുറമെ സ്വകാര്യ ആശുപത്രികളെയും ഇക്കാര്യത്തില്‍ അണിചേര്‍ക്കും.

മരുന്നുകള്‍ നല്‍കി ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മരുന്ന് കമ്പനികളുടെ സഹകരണവും ഈ രംഗത്തുണ്ട്.

എല്ലാ ക്യാമ്പുകളിലും ആവശ്യമുള്ള പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന മരുന്നുകള്‍ സ്വീകരിക്കാനും വിതരണം ചെയ്യാനും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.

ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ഗതാഗതമേഖല ശക്തിപ്പെടുത്തുക എന്നത്.

റെയില്‍ സൗകര്യങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന്‍റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് ചേര്‍ന്നിരുന്നു.

റെയില്‍ ഗതാഗതം ഉടന്‍ തന്നെ പുനസ്ഥാപിക്കുന്നതിനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

റോഡ് ഗതാഗതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകളുള്‍പ്പെടെ നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

പി.ഡബ്യൂ.ഡി ഉദ്യോഗസ്ഥരുടെയും ഒരു യോഗം ഇന്ന് ചേര്‍ന്നുകഴിഞ്ഞു. പ്രാഥമികമായി 4441 കോടി രൂപയുടെ നഷ്ടമാണ് ഈ രംഗത്ത് കണക്കാക്കിയിട്ടുള്ളത്.

വെള്ളക്കെട്ട് മാറിയ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ. 221 പാലങ്ങള്‍ക്ക് പ്രളയം മൂലം കേടുപാട് സംഭവിച്ചിട്ടുണ്ട്.

59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗതമേഖലയിലെ പുനരുദ്ധാരണത്തിനായി ആയിരം കോടി രൂപ നേരത്തേ തന്നെ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.

രേഖകളും പുസ്തകങ്ങളും: വീടുകളില്‍ വെള്ളം കയറിയതിന്‍റെ ഭാഗമായി രേഖകളും കുട്ടികളുടെ പാഠപുസ്തകങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുതിയ പുസ്തകം സൗജന്യമായും സമയബന്ധിതമായും നല്‍കുന്നതിനുള്ള നടപടിയായിട്ടുണ്ട്.

36 ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ച് തയ്യാറാക്കി വെച്ചിട്ടുണ്ട്. അവ എത്തിക്കുന്നതിന് കെ.ബി.പി.എസിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് അതിന്‍റെ കണക്കുകള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് പാഠപുസ്തകമെത്തിക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്തുകൊണ്ടാണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നല്‍കിയിട്ടുള്ളത്.

ബോട്ടുടമകളും പൊതുവെ നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട്. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തീര്‍ത്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തില്‍ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരേണ്ടിവരും. അതേ സമയം പ്രളയക്കെടുതിയിലെ രക്ഷാ പ്രവര്‍ത്തനം എന്ന ആദ്യഘട്ടം നല്ല നിലയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതിന് കൈ-മെയ് മറന്ന് സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കട്ടെ. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്ന മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും സേവന തത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കരുത്തായി മാറിയത്.

ആ സംസ്കാരത്തെ കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്‍റെ പ്രധാന്യം കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ രക്ഷാ പ്രവര്‍ത്തനം.

രക്ഷാ പ്രവര്‍ത്തനത്തിന് വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇത്തരം ഇടപെടല്‍ നന്ദിയോടെ സര്‍ക്കാര്‍ ഓര്‍ക്കുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതും ഈ അവസരത്തില്‍ സ്മരിക്കുന്നു.

കേരളത്തിന്‍റെ ദുരിതത്തില്‍ നാട്ടിന് പുറത്ത് ജീവിക്കുമ്പോഴും കേരളത്തിന്‍റെ ഭാഗമാണെന്ന് ബോധം കാത്തുസൂക്ഷിച്ചുകൊണ്ട് എന്നും ഇടപെട്ടിട്ടുള്ള പ്രവാസികള്‍ വലിയ സഹായവും സംഭാവനയുമാണ് ദുരിതാശ്വാസത്തിന് നല്‍കിയിട്ടുള്ളത്.

അവരുടെ സ്നേഹ സമ്പൂര്‍ണ്ണമായ സഹായത്തിന് നന്ദി രേഖപ്പെടുത്തുന്നു.

വസ്ത്രങ്ങളും മറ്റും അവിടെ നിന്ന് അയക്കുന്നതിന് പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഹായം: കേരളത്തിന്‍റെ ദുരന്തം തങ്ങളുടെ സഹോദരങ്ങള്‍ക്ക് സംഭവിച്ച ദുരിതമാണെന്ന കാഴ്ചപ്പാടോടെ സഹായഹസ്തവുമായി വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും സംഘടനകളും എത്തിയിട്ടുണ്ട്.

നാനാത്വത്തിലെ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്‍റെ കരുത്ത് ഊട്ടിയുറപ്പിക്കുന്നവിധം സഹോദര സ്നേഹത്തോടെ നമ്മുടെ ദുഖങ്ങളില്‍ പങ്കുചേരുകയും നേരിട്ട് വന്ന് സഹായങ്ങള്‍ നല്‍കുകയും ചെയ്ത ആളുകളുണ്ട്.

അവരെയും സ്നേഹത്തിന്‍റെ ഭാഷയില്‍ അഭിവാദ്യം ചെയ്യുന്നതിന് ഈ അവസരം ഉപയോഗിക്കട്ടെ.

ഈ ദുരന്തത്തിന്‍റെ വിവിധ വശങ്ങളെ സൂചിപ്പിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തരത്തിലും സര്‍ക്കാരിന്‍റെ ഇടപെടലുകളെ ജനങ്ങളിലെത്തിക്കുന്നതിനും സഹായകമായി വര്‍ത്തിച്ച മാധ്യമങ്ങളുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള ഈ മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രത്യേകിച്ച് ശുചിത്വം, ആരോഗ്യം എന്നീ മേഖലകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും മാധ്യമങ്ങളില്‍ നിന്ന് ഏറെ സഹായം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

നാം അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത ഇത്തരമൊരു ദുരന്തം ഉണ്ടായപ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടവര്‍ ഏറെയാണ്.

അത്തരം ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് നാടിനെ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു.

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായിച്ച ഒരു സുപ്രധാനമൊയൊരു ഘടകം മനുഷ്യ സ്നേഹത്തിന്‍റെ ഉജ്വലമായ സന്ദേശം മനസ്സില്‍ ആവാഹിച്ച് രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെട്ട വിവിധ മേഖലയില്‍ പെട്ടവരായിരുന്നു.

അത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ തന്നെ അര്‍പ്പിച്ച് പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളില്‍പെട്ടവരോടും സന്നദ്ധ പ്രവര്‍ത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരള സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.

രാപ്പകലില്ലാതെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ച വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരുണ്ട്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ആരോഗ്യം തുടങ്ങിയ ഒട്ടേറെ വകുപ്പുകളിലെ സഹപ്രവര്‍ത്തകരുണ്ട്. അവരെ നന്ദിയോടെ സ്മരിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നല്ല നിലയില്‍ ജനങ്ങളുമായി ഇടപെട്ട് അവരുടെ ആശങ്കകള്‍ അകറ്റി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

ഇനിയുമേറെ ഉത്തരവാദിത്തങ്ങള്‍ മുമ്പിലുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്ത ഒന്നായാണ് സര്‍ക്കാര്‍ കാണുന്നത്.

വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഇടപെട്ട ഭരണ-പ്രതിപക്ഷ എം.എല്‍.എമാരും രക്ഷാ പ്രവര്‍ത്തനത്തിന് വലിയ സഹായമാണ് നല്‍കിയത്.

വിവിധ മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ഇവര്‍ വഹിച്ച പങ്ക് വലുതാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച വിവിധ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മിനിമം ബാലന്‍സ് ഒഴിവാക്കി ബാങ്കുകള്‍ ഇതുമായി സഹകരിച്ചിട്ടുണ്ട്.

മൊബൈല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന കമ്പനികള്‍ ഇതുമായി സഹകരിച്ചിട്ടുണ്ട്. അവര്‍ക്കുള്ള നന്ദിയും രേഖപ്പെടുത്തട്ടെ.

സേനാവിഭാഗങ്ങള്‍ നമ്മുടെ രക്ഷാ പ്രവര്‍ത്തനത്തിന് നല്‍കിയ സഹായം വിലമതിക്കാനാവാത്തതാണ്. രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ഈ വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ ആതിഥേയ മര്യാദയും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്നവിധം യാത്രയയപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്.

ഈ ദുരത്തില്‍ ഏറെ സാങ്കേതിക സഹായങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടുംതങ്ങളുടെ അനുഭവവും മനുഷ്യസ്നേഹവും കരുത്താക്കിക്കൊണ്ട് ഇടപെട്ട മത്സത്തൊഴിലാളികള്‍ക്ക് അതാത് പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതാണ്.

ദുരന്തത്തിനിടയില്‍ തെറ്റായ ചില പ്രവണതകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. ഭക്ഷ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ വന്‍ തോതില്‍ വില കയറ്റി വില്‍ക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ അവസാനിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

സമാനതകളില്ലാത്ത ഈ പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലെ ഒരു ഘട്ടമാണ് വിജയകരമായി പൂര്‍ത്തീകരിക്കാനായത്.

ഈ കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകസ്മികമായ വിയോഗത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നു.

സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ഇടപെട്ട് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നവരുമുണ്ട്. സ്വന്തം ജീവനേക്കാള്‍ സഹജീവികളുടെ ജീവന് പ്രാധാന്യം നല്‍കിക്കൊണ്ട് ഇടപെട്ട ഇവരുടെ ഉന്നതമായ മനുഷ്യസ്നേഹത്തെ ആദരവോടെ സര്‍ക്കാര്‍ കാണുന്നു.

പ്രളയക്കെടുതിയുടെ ഒരു ഘട്ടമാണ് ലക്ഷ്യത്തിലേക്കെത്തിയിട്ടുള്ളത്. ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഏറെ ഭാരിച്ച ഉത്തരവാദിത്തം സര്‍ക്കാരിനുമുന്നിലുണ്ട് എന്ന ബോധ്യമുണ്ട്.

ആ ഉത്തരവാദിത്തവും നമുക്ക് നിറവേറ്റാനാവണം. രക്ഷാ പ്രവര്‍ത്തനത്തില്‍ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലു നമുക്ക് നിലനിര്‍ത്താനാവണം.

വിവിധ മേഖലകളില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ ലഭ്യമാകുന്നുണ്ട്. എത്ര സഹായങ്ങള്‍ ലഭിച്ചാലും അധികമാവില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അതുകൊണ്ട് എല്ലാ സഹായത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന എന്ന നിലയിലേക്ക് അയക്കുന്നതായിരിക്കും സൗകര്യപ്രദം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ക്രോഡീകരിക്കുന്നത്. അവര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്. നാം മാതൃകയാവണം

ലോകം മുഴുവന്‍ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്ന് മാതൃകാപരമായ രീതിയില്‍ ഉയര്‍ത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം.

നല്‍കിയ സഹായങ്ങള്‍ തുടര്‍ന്നു ഉണ്ടായാല്‍ തീര്‍ച്ചയായും നമുക്ക് അത് കഴിയുക തന്നെ ചെയ്യു. ആ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനും ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News