അവരാണീ കേരളത്തിന്‍റെ സൈന്യം; രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം തിരിച്ചെത്തിയ മത്സ്യ തൊ‍ഴിലാളികളെ സ്വീകരിച്ചത് പൊലീസ് സേന

സമാനതകളില്ലാത്ത ദുരിതത്തെയാണ് കേരളം ഒരേ മനസ്സായി പോരാടി തോല്‍പ്പിച്ചത്. രക്ഷാ പ്രവര്‍ത്തനത്തില്‍ കൈമെയ് മറന്ന് കടലിന്‍റെ മക്കള്‍ ഒപ്പം നിന്നു.

പ്രത്യേകമായ പരിശീലനങ്ങളോ സഹായത്തിന് മറ്റ് സാങ്കേതികമായ ഉപകരണങ്ങളോ ഇല്ലാതെ ആത്മ വിശ്വാസവും ആത്മാര്‍പ്പണവും കൈമുതലാക്കിയാണവര്‍ രംഗത്തിറങ്ങിയതെന്നത്തന്നെയാണ് ഏറെ പ്രശംസയര്‍ഹിക്കുന്ന കാര്യം.

സ്വന്തം ജീവന്‍ അപകടത്തിലാവുന്ന പ്രളയ ജലത്തിലേക്ക് അവര്‍ എടുത്ത് ചാടിയത് ദുരിതമനുഭവിക്കുന്ന തങ്ങളുടെ കൂടപ്പിറപ്പുകല്‍ക്കൊരു കൈത്താങ്ങാവാനാണ്.

കാര്യമായ സാങ്കേതിക സഹായങ്ങളേതുമില്ലാതെ അവര്‍ കരക്കടുപ്പിച്ചത് പതിനായിരങ്ങളുടെ ജീവനായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യതൊ‍ഴിലാളികള്‍ നല്‍കിയത് വിലമതിക്കാനാവാത്ത സഹായമാണെന്ന് മുഖ്യമന്ത്രി വൈകുന്നേരം പത്രസമ്മേളത്തിനിടെ അറിയിച്ചിരുന്നു.

രക്ഷാദൗത്യത്തിനിടെ തകര്‍ന്ന മത്സ്യതൊ‍ഴിലാളികളുടെ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും. മത്സ്യ തൊ‍ഴിലാളികളുടെ ബോട്ടുകളില്‍ ഇന്ധനം നല്‍കരമെന്നും അവര്‍ക്ക് പ്രതിദിനം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

രക്ഷാ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന മത്സ്യതൊ‍ഴിലാളികള്‍ക്ക് തദ്ദേശ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

ഇത് ശരിവയ്ക്കും വിധം പ്രളയ ബാധിത മേഖലയില്‍ നിന്നും മടങ്ങിയെത്തിയ സംഘത്തെ തുമ്പ എസ്എെയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like