”ആഴക്കടലിനെ കീറിമുറിച്ചു നീന്താന്‍ കഴിവുള്ള ചുണക്കുട്ടികള്‍ പാമ്പുകളെ പോലും അവഗണിച്ചു വെള്ളത്തില്‍ ചാടി”; കൊടുക്കാം നിറഞ്ഞ കയ്യടി, ഈ രക്ഷാദൗത്യത്തിന്

പ്രളയ ബാധിത മേഖലയില്‍ രക്ഷാദൗത്യത്തിന് പോയ സംഘത്തിലെ ജോണി എന്നയാളിന്റെ അനുഭവക്കുറിപ്പ്

ആദ്യ ദിവസത്തെ ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓരോ പ്രാവശ്യം ഞങ്ങളുടെ വള്ളം കരയില്‍ ആള്‍ക്കാരെയും കൊണ്ടു വരുമ്പോഴും ഒരു ചേട്ടന്‍ അവിടെ കരഞ്ഞു കൊണ്ട് ഓരോ വള്ളത്തിന്റെയും അവിടെ വന്ന് ,’ചേട്ടന്‍മാരെ മൂന്നു കൊച്ചു കുട്ടികളും കൈ കുഞ്ഞും വയസായവരും ഒരു ടെറസിനു മുകളില്‍ രണ്ടു ദിവസമായി മഴയും നനഞ്ഞു നില്‍ക്കുന്നു.

അവരെ ഒന്നു രക്ഷിയ്ക്കണം.’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ ഓരോ വള്ളക്കാരും കുറെ ആള്‍ക്കാരെ കൊണ്ടു വരുമ്പോള്‍ അടുത്ത് എവിടെ പോകണം എന്ന ലക്ഷ്യവുമായി ആയിരുന്നു വന്നു കൊണ്ടിരുന്നത്.

ചേട്ടന്റെ കരച്ചില്‍ കണ്ടപ്പോള്‍ ഒരു ട്രിപ്പില്‍ ചേട്ടനെയും ഞങ്ങള്‍ കയറ്റി. മെയിന്‍ റോഡില്‍ നിന്നും ഇടവഴികളിലൂടെ പല മരങ്ങളിലും മതിലുകളിലും തട്ടി തട്ടി ഞങ്ങളുടെ വള്ളം അവിടെയെത്തി.

അവിടെ കണ്ട കാഴ്ച ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും മരവിപ്പിയ്ക്കുന്നതായിരുന്നു. മൂന്നു കൊച്ചു കുട്ടികള്‍, ഒരു കൈക്കുഞ്ഞ്, ഷര്‍ട്ട് പോലും ഇല്ലാതെ തണുത്ത് വിറച്ച് ഒരു അപ്പൂപ്പനും അമ്മൂമ്മയും, പിന്നെ കുറച്ചു പേരും ടെറസിനു മുകളില്‍ ഒരു ടാര്‍പാളിന്‍ മൂടി രണ്ടു ദിവസമായി മഴയും നനഞ്ഞു നില്‍ക്കുന്നു.

ആ ചേട്ടന്‍ കൂടെയില്ല എങ്കില്‍ ഒരിയ്ക്കലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയില്ല. ഉടന്‍ തന്നെ അലറി വരുന്ന ആഴക്കടലിനെ കീറി മുറിച്ചു നിന്താന്‍ കഴിവുള്ള ഞങ്ങളുടെ ചുണക്കുട്ടികള്‍ വെള്ളത്തില്‍ കിടന്ന പാമ്പുകളെ പോലും അവഗണിച്ചു കൊണ്ട് വെള്ളത്തില്‍ എടുത്തു ചാടി.

ആ വീടിന്റെ ടെറസില്‍ ചാടിക്കയറി. ഭയന്നു വിറച്ചു മഴ നനഞ്ഞു വിറച്ചു കൊണ്ടിരിയ്ക്കുന്ന 3 കൊച്ചു കുട്ടികളെ ആദ്യം താഴെയിറക്കി.

പിന്നെ ഓരോരുത്തരെയായി ഇറക്കി. വള്ളത്തില്‍ കയറി പേടിച്ചു വിറച്ചു കരഞ്ഞു കൊണ്ടിരിയ്ക്കുന്ന ആ കൊച്ചു കുട്ടികളെ വഴികാട്ടിയായി വന്ന ചേട്ടന്‍ ആശ്വസിപ്പിയ്ക്കുന്നുണ്ടായിരുന്നു.

ആരുടേയും കണ്ണുകള്‍ നനയും അവരുടെ അവസ്ഥ കണ്ടാല്‍…
ഈ ഓരോ കണ്ണീരും എന്റെ കൂടെയുള്ള പോരാളികള്‍ക്ക് മുന്നോട്ട് കുതിയ്ക്കുവാനും പരമാവധി ജീവനുകളും രക്ഷിയ്ക്കാനുള്ള പ്രചോദനമായിരുന്നു…..

ഈ ഒരു ദൗത്യത്തിന്റെ ക്രെഡിറ്റ് മുഴുവനും ഞങ്ങള്‍ക്ക് വഴികാട്ടിയായി വന്ന ചേട്ടനു മാത്രം അവകാശപ്പെട്ടതാണ്.

ഞങ്ങള്‍ വെറും നിമിത്തങ്ങള്‍ മാത്രം. ആ ചേട്ടനെ കൂടെ കൂട്ടാതിരുന്നെങ്കിലുള്ള അവസ്ഥ ആലോചിയ്ക്കുമ്പോള്‍ ആ കുഞ്ഞുകുട്ടികളുടെ മുഖം ആലോചിയ്ക്കുമ്പോള്‍ ഇപ്പോഴും ശരീരത്തില്‍ രക്തം തണുത്തു പോകുന്ന മരവിച്ച അവസ്ഥ…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here