കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങി; സര്‍വീസ് നടത്തുന്നത് ചെറുവിമാനങ്ങള്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവിക വിമാനത്താവളത്ത് നിന്ന് വിമാന സര്‍വീസ് തുടങ്ങി.

70 സീറ്റുകളുള്ള ചെറു വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയിലെ ആദ്യകാല വിമാനത്താവളം 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റ് വിമാനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്.

72 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നുമാണ് ആദ്യ വിമാനം നാവിക വിമാനത്താവളത്തിലെത്തിയത്. വിദേശത്തുനിന്ന് കൊച്ചിയിലേക്ക് വരാന്‍ കഴിയാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് എത്താനായതിന്റെ വലിയ ആശ്വാസത്തിലാണ്. പ്രളയകെടുതിയുടെ ആശങ്കയും അവര്‍ പങ്കുവെച്ചു.

ബംഗളൂരുവിന് പുറമെ മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേയ്ക്കും ഇവിടെ നിന്ന് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ അലൈന്‍സ് എയര്‍ എന്ന ചെറു വിമാനങ്ങളാണ് ആഭ്യന്തര സര്‍വീസ് നടത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നാവികസേന വിമാനത്താവളം സൈനികേതര ആവശ്യത്തിനായി പ്രവര്‍ത്തന സജമാക്കിയത്.

അതേസമയം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 26 ന് തുറക്കാന്‍ കഴിയുമൊ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഓപ്പറേഷനല്‍ മേഖലയില്‍ വരെ വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വൈകിയേക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel