പ്രളയക്കെടുതി; സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷിയായി കേരളം

യുദ്ധകാലാടിസ്ഥാനത്തിൽ, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് പ്രളയക്കെടുതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്നത്. ദുരന്തക്കയത്തിലെയ്ക്ക് തള്ളിവിട്ട മ‍ഴയ്ക്ക് തുടക്കം കുറിച്ചത് ഒാഗസ്റ്റ് 8ന് അർദ്ധരാത്രിയോടെ വയനാട്ടിൽ നിന്നും.

9ന് പുലർച്ചെ 2.38ഒാടെ NDRFന്‍റെ സംഘത്തെ വയനാട് നിയോഗിച്ചു. ഒപ്പം കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടുകയും ചെയ്തു.

മ‍ഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ 6.46ന് സൈന്യത്തിന്‍റെ സഹായവും സംസ്ഥാനം തേടി. തുടർന്നുളള ഒന്നരയാ‍ഴ്ച നാം കണ്ടത് ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കാനായി പ്രവർത്തിച്ച കേരളത്തെയാണ്.

ഒാഗസ്റ്റ് 8 അർദ്ധരാത്രി, ദുരന്തക്കയത്തിലെയ്ക്ക് കേരളത്തെ തള്ളിവിട്ട പേമാരിക്ക് വയനാട്ടിൽ തുടക്കം. പൊലീസും ഫയർഫോ‍ഴ്സും രംഗത്തെത്തി രക്ഷാപ്രവർത്തനമാരംഭിച്ചു. 9ന് പുലർച്ചെ 2.38ന് സംസ്ഥാനത്തുള്ള NDRF സംഘത്തെ വയനാട് നിയോഗിച്ചു.

സ്ഥീതിഗതികൾ രൂക്ഷമെന്ന് കണ്ട് കൂടുതൽ കേന്ദ്ര സേനയെ സംസ്ഥാനം ആവശ്യപ്പെട്ടു. മ‍ഴ സംസ്ഥാന വ്യാപകമായി അതീവശക്തി പ്രാപിച്ചതോടെ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായി. ഇൗ ഘട്ടത്തിൽ രാവിലെ 6.46ന് രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്‍റെ സേവനവും സംസ്ഥാനം തേടി.

അന്നു തന്നെ ദിവസം രാവിലെ 7.11ന് ഒരു കോളം സേനയെ മലപ്പുറം – കോ‍ഴിക്കോട് ജില്ലകൾക്കായി ആവശ്യപ്പെട്ടു. 8.05ന് കരസേനയുടെ മിലിറ്ററി എഞ്ചിനിയറിംഗ് വിഭാഗത്തിന്‍റെ സേവനം എല്ലാ ജില്ലകൾക്കുമായി തേടി. 9.58ന് MI 17, ALH ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

10.41ന് കൂടുതൽ കരസേനയുടെയും 11.27ന് NDRFന്‍റെയും കൂടുതൽ സഹായം തേടി. ഇതിനുപുറമെ വൈകുന്നേരം 5.13നും 6.35നുമായി കൂടുതൽ മിലിറ്ററി എഞ്ചിനിയറിംഗ് വിഭാഗത്തിന്‍റെ സേവനവും രാത്രി 9.32ന് സൈന്യത്തിന്‍റെ കൂടുതൽ സഹായവും തേടി.

കേന്ദ്ര സേനയുടെ സഹായം തേടിയതിനൊപ്പം സംസ്ഥാനത്തിന്‍റ രക്ഷാപ്രവർത്തനങ്ങളും 9ന് പുലർച്ചമുതൽ സജ്ജീവം. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒപ്പം സെക്രട്ടറിയേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മോണിറ്ററിംഗ് സെല്ലും. NDRF, കര – നാവിക – വ്യോമ സേന, കോസ്റ്റ് ഗാർഡ്, പൊലീസ് എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സെല്ല്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനായിരുന്നു സെല്ലിന്‍റെ ചുമതല. സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച് കൂടുതൽ കേന്ദ്ര സേനയും സംസ്ഥാനത്ത് എത്തി. മഴ കനത്തത്തോടെ പല ഡാമുകളുടെയും ഷട്ടറുകളും തുറന്നു. 9ന് ഇടമലയാർ ഡാമിന്‍റെ ഷട്ടർ തുറക്കുകയും, ഇടുക്കി ഡാമിന്‍റെ ട്രയൽ റൺ ആരംഭിക്കുകയും ചെയ്തു.

മ‍ഴ അതിന്‍റെ തീവ്രതയിലായതോടെ 10ന് പുലർച്ചെ ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ എല്ലാം തുറന്നു. ചെറുതോണി മുതൽ ആലുവ വരെ ഡാമിൽ നിന്നും പുറത്ത് വന്ന വെള്ളം നാശം വിതച്ച് ഒ‍ഴുകി. കേരളം ഒന്നടങ്കം വിറങ്ങലിച്ച് നിന്നപ്പോൾ, തളരരുത് നമ്മളോന്നാണ് എന്ന കരുത്ത് പകരുന്ന വാക്കുകളുമായി കേരളത്തിന്‍റെ മുഖ്യമന്ത്രി അവർക്കും ആ‍ശ്വാസമേകി. ആശങ്കയെ അകറ്റി നിർത്തി കൃത്യമായ നിർദേശം നൽകി പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിച്ചു.

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയിൽ ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വ സാഹചര്യം. തന്‍റെ പൊതുപരിപാടികൾ റദ്ദാക്കിയ മുഖ്യമന്ത്രി മണിക്കൂറുകൾ ഇടവെട്ട് കാര്യങ്ങൾ വിലയിരുത്തി.

ഒാരോ ദിവസവും രാവിലെയും വൈകീട്ടും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ നടപടികൾ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. 11ന് മുഖ്യമന്ത്രി നേരിട്ട് ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി ഒപ്പം ദുരിത ബാധിതർക്കുള്ള സഹായവും പ്രഖ്യാപിച്ചു.

12ന് ദുരിതമേഖലകളിൽ സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് 100 കോടി പ്രാഥമിക സഹായം നൽകി. 14നും 16നും പ്രത്യേക മന്ത്രിസഭായോഗം ചേർന്നു . ചില മേഖലകലിൽ നേവിയുടെയും കരസേനയുടെയും ബോട്ടുകൾ പ്രായോഗികമല്ലെന്ന് കണ്ടതോടെ കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ രംഗത്തിറക്കി പത്തനംത്തിട്ട, ചാലക്കുടി മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തി.

രക്ഷപ്പെടുത്തിയ 2 ലക്ഷത്തോളം പേരിൽ കൂടുതൽ പേരെയും ജീവിതത്തിലെയ്ക്കെത്തിച്ചത് കടലിന്‍റെ മക്കളുടെ ദൗത്യത്തിലൂടെയായിരുന്നു. 600ഒാളം മത്സ്യബന്ധന ബോട്ടുകളും 1500 ഒാളം തൊ‍ഴിലാളികളും രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. പ്രളയക്കെടുതിയിൽ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

18ന് രാത്രി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. കൈമെയ് മറന്ന രക്ഷാപ്രവർത്തനത്തിൽ ഒറ്റക്കെട്ടായി നിന്ന കേരളം എന്നും ലോകത്തിന് മാതൃകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News