പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് കോടതി; മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയം

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും അതീവ ഗുരുതര ദുരന്തമായിട്ടാണ് സംഭവത്തെ പരിഗണിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

ലെവല്‍ മൂന്ന് (എല്‍ത്രീ) ഗണത്തിലാണ് പ്രളയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അതേസമയം, ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.

ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകള്‍ എകോപിപ്പിച്ച് സാധ്യമായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനവും പുനര്‍നിര്‍മാണവും ഏറ്റവും സുതാര്യമാവണമെന്ന് കോടതി നിര്‍ദേശിച്ചു. എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന വിവരങ്ങള്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കണം. ദുരന്ത നിവാരണത്തിനും പുനര്‍നിര്‍മാണത്തിനും കര്‍മ്മപദ്ധതി തയ്യാറാക്കണം.

നാശനഷ്ടങ്ങള്‍ വിലയിരുത്തലും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മാണ പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News