”കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശുവേണ്ട”

ദുരിത മുഖത്തെ നിസ്വാര്‍ത്ഥ പരിശ്രമം കൊണ്ട് ഹൃദയം കീഴടക്കിയവരാണ് മല്‍സ്യ തൊഴിലാളികള്‍.

കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് ഇവര്‍ വീണ്ടെടുത്തത് വെള്ളത്തില്‍ മുങ്ങി മരിക്കുമായിരുന്ന കേരളത്തെ തന്നെയാണ്. ഇവരോടുള്ള കടപ്പാടും സ്മരണയും സര്‍ക്കാരും ഇന്നലെ അറിയിച്ചു.

തകര്‍ന്ന വള്ളങ്ങള്‍ വീണ്ടെടുക്കാന്‍ കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഓരോ മത്സ്യ തൊഴിലാളിക്കും 3000 രൂപ വീതവും പ്രഖ്യാപിച്ചു.

എന്നാല്‍ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ട എന്ന് അറിയിച്ച് കൊണ്ട് വീണ്ടും മനസില്‍ ഇടം നേടുകയാണു മത്സ്യ തൊഴിലാളികള്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഒരു മത്സ്യ തൊഴിലാളിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കേരളത്തിന്റെ സൈന്യം എന്ന് പ്രഖ്യാപിച്ചതിലും സ്‌നേഹിച്ചതിലും കേരള സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടുമുള്ള നന്ദിയാണ് യുവാവിന്റെ വാക്കുകളില്‍. വള്ളങ്ങള്‍ നന്നാക്കിയെടുക്കാന്‍ കൂടെ ഉണ്ടാകുമെന്ന മുഖ്യ മന്ത്രിയുടെ പിന്തുണ മാത്രം മതിയെന്നും വേറെ പണം ആവശ്യമില്ലെന്നുമാണു ഈ യുവാവ് പറയുന്നത്.

ഫോര്‍ട്ട് കൊച്ചിക്കാരനായ ഖായിസ് മുഹമ്മദ് പറയുന്നു:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സര്‍, എന്റെ പേര് ഖായിസ്. വീട് ഫോര്‍ട്ടു കൊച്ചിയിലാണ്. മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഞാനും സുഹൃത്തുക്കളും ബോട്ടെടുത്ത് പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ പോയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതില്‍ അഭിമാനിക്കുന്നു. ഞങ്ങളാണ്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന് പറയുന്നത് കേട്ടിരുന്നു. അതില്‍ വളരെ അഭിമാനം കൊള്ളുന്നു.

എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വളരെ സങ്കടത്തോടെ പറയട്ടെ, ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശുവേണ്ട.

ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന് സാര്‍ പറഞ്ഞിരുന്നു. അതൊരു നല്ല കാര്യമാണ്. ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗമില്ല.

അതല്ലാതെ കൂടപ്പിറപ്പുകളെ, സൗഹൃദങ്ങളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് കാശു േവണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടെയും നന്ദിയോടെയും നിര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here